Current Date

Search
Close this search box.
Search
Close this search box.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ല: സമസ്ത, കെ.എന്‍.എം, വിസ്ഡം

തിരുവനന്തപുരം: പ്രവാചക നിന്ദയിലും സംഘ്പരിവാര്‍ വംശഹത്യയിലും പ്രതിഷേധിച്ച് മുസ്ലിം കോഓര്‍ഡിനേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടത്താന്‍ തീരുമാനിച്ച മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള നദ്‌വതുല്‍ മുജാഹിദീനും അറിയിച്ചു.

മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്ന് സമസ്ത പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

‘പ്രവാചകനിന്ദ’ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമസ്തയുടെ പോഷക ഘടകമായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് മുമ്പിലും കഴിഞ്ഞ ദിവസം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏത് പരിപാടികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായി മാത്രമേ സംഘടിപ്പിക്കാവൂ എന്നും കീഴ്ഘടകളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതായും സമസ്ത ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്ഭവന്‍ മാര്‍ച്ചില്‍ കെ.എന്‍.എം (സി.ഡി ടവര്‍) പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വിവിധ സംഘടനകളോടൊപ്പം കെ.എന്‍.എമ്മിന്റെ പേരും ശ്രദ്ധയില്‍പ്പെട്ടു. കെ.എന്‍.എമ്മിനെ ആ കൂട്ടത്തില്‍ എഴുതരുതെന്നും പ്രതിഷേധം വഴിമാറുന്നത് കരുതണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.

മുസ്ലിം കോ ഓര്‍ഡിനേഷന്റെ രാജ്ഭവന്‍ മാര്‍ച്ചുമായി വിസ്ഡം ഇസ്ലാമിത ഓര്‍ഗനൈസേഷന് ബന്ധമില്ലെന്ന് വിസ്ഡം സംസ്ഥാനം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

 

Related Articles