Current Date

Search
Close this search box.
Search
Close this search box.

സി.ഐ.സിയില്‍ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ല്യാരും

മലപ്പുറം: സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ല്യാരും സി.ഐ.സിയില്‍ നിന്നും രാജിവെച്ചു. സമസ്തക്ക് സ്വീകാര്യനല്ലാത്ത ആളെ സി.ഐ.സി ജനറല്‍ സെക്രട്ടറിയാക്കിയതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. കഴിഞ്ഞ ദിവസം ഹബീബുല്ല ഫൈസിയെ സി.ഐ.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. നേരത്തെ സി.ഐ.സി ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സമസ്തയുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് രാജി വെച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ ആളെ തെരഞ്ഞെടുത്തത്.

ഹബീബുല്ല ഫൈസിയെ സി.ഐ.സി ജനറല്‍ സെക്രട്ടറിയായി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സി.ഐ.സി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സി.ഐ.സിയില്‍ നിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങള്‍ നീക്കിയതിനെ തുടര്‍ന്നാണ് രാജി അംഗീകരിച്ചത്. പിന്നാലെ നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസിയെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഹകീം ഫൈസി അദൃശേരി രാജിവെച്ചതിനു പിന്നാലെ സി.ഐ.സിക്കും സമസ്തയ്ക്കുമിടയില്‍ മഞ്ഞുരുകുമെന്നായിരുന്നു വിലയിരുത്തല്‍. പക്ഷെ ഹകീം ഫൈസിയുടെ രാജിക്കു ശേഷവും സി.ഐ.സിയും സമസ്തയും രണ്ട് തട്ടിലാണ്. സമസ്തയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയെ സി.ഐ.സി ജനറല്‍ സെക്രട്ടറിയാക്കിയതോടെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സി.ഐ.സി സമസ്തയുമായി സഹകരിച്ചു പോകുമെന്ന ധാരണയ്ക്ക് വിരുദ്ധമാണിത്. ഇതോടെയാണ് സമസ്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സി.ഐ.സി കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്.

Related Articles