Current Date

Search
Close this search box.
Search
Close this search box.

സമസ്ത-സി.ഐ.സി ഭിന്നത: രംഗം കൊഴുപ്പിക്കരുത്, പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി എസ്.എസ്.എഫ്

കോഴിക്കോട്: സമസ്ത-സി.ഐ.സി വിവാദത്തിലും കഴിഞ്ഞ ദിവസം അബ്ദുല്‍ ഹകീം ഫൈസിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിയിലും അനാവശ്യമായി ഇടപെട്ട് രംഗം വഷളമാക്കരുതെന്ന നിര്‍ദേശവുമായി എസ്.എസ്.ഫ് കേരള കാന്തപുരം വിഭാഗം. എസ്.എസ്.എഫിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്തയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടത്.

സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളില്‍ മഞ്ഞുരുക്കാനും രഞ്ജിപ്പുകള്‍ക്കും പല കോണുകളില്‍ നിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയില്‍ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഈ ഘട്ടത്തില്‍ സംഘടനാ തീരുമാനത്തെ വിമര്‍ശിച്ചോ വിശകലന വിധേയമാക്കിയോ അഭിപ്രായങ്ങളും വിമര്‍ശങ്ങളും ഉന്നയിക്കുന്നതും ചരിത്രം ഓര്‍മപ്പെടുത്തിയും കുത്തുവാക്കുകള്‍ പറഞ്ഞും ആക്ഷേപിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. സുന്നി സമൂഹത്തിന്റെ ഐക്യവും സക്രിയമായ പ്രവര്‍ത്തനങ്ങളും ആഗ്രഹിച്ചു കൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. ഇടപെടലുകള്‍ ഗുണകാംക്ഷാപരമായിരിക്കണം. അല്ലാത്തതൊക്കെയും വിഫലമായിരിക്കുമെന്നും നിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ പാരമ്പര്യ മുസ്ലിം സമൂഹത്തിന്റെ ധിഷണാപരവും വൈജ്ഞാനികവും രാഷ്ട്രീയവുമായ ഉണര്‍വുകളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ചിലരെങ്കിലുമുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ, സാമൂഹിക ചേരികളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സുന്നി സമൂഹത്തിന്റെ ജാഗരണങ്ങളെ അരുക്കാക്കാനും ചേര്‍ച്ചകള്‍ ഇല്ലാതാക്കാനും പണിയെടുത്തു പോന്നിട്ടുമുണ്ട്. ഉമ്മത്തിയന്‍ സിദ്ധാന്തങ്ങള്‍ സുന്നി ഉലമാക്കളുടെ അടുത്തെത്തുമ്പോള്‍ ഭാവമാറ്റം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാതരം വിരുദ്ധ സമീപനങ്ങളെയും തിരിച്ചറിഞ്ഞും ആശയപരമായി പ്രതിരോധിച്ചും പുരോഗതിയുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാം. ഇനിയും കൂടുതല്‍ ശ്രമം അതിലായിരിക്കുകയും വേണം.

ബഹു. ജിഫ്രി തങ്ങള്‍ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല. ആശയപരവും ഘടനാപരവുമായ വിഷയങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കില്‍ അവരാണ് അത് നിര്‍വഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനാ രീതികളുമൊക്കെ നിശ്ചയിക്കുന്നതും അതതു നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ചര്‍ച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവര്‍ക്കു വിടുന്നതാണ് മര്യാദ. സമൂഹത്തെയും വിശ്വാസ ആദര്‍ശങ്ങളെയുമൊക്കെ ബാധിക്കുന്ന ഘട്ടങ്ങളില്‍ വിഷയാധിഷ്ഠിതമായി മാത്രം അഭിപ്രായം പറയുകയുമാവാം.

സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളില്‍ മഞ്ഞുരുക്കാനും രഞ്ജിപ്പുകള്‍ക്കും പല കോണുകളില്‍നിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയില്‍ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല.

ഈ ഘട്ടത്തില്‍ സംഘടനാ തീരുമാനത്തെ വിമര്‍ശിച്ചോ വിശകലന വിധേയമാക്കിയോ അഭിപ്രായങ്ങളും വിമര്‍ശങ്ങളും ഉന്നയിക്കുന്നതും ചരിത്രം ഓര്‍മപ്പെടുത്തിയും കുത്തുവാക്കുകള്‍ പറഞ്ഞും ആക്ഷേപിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. സുന്നി സമൂഹത്തിന്റെ ഐക്യവും സക്രിയമായ പ്രവര്‍ത്തനങ്ങളും ആഗ്രഹിച്ചു കൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. ഇടപെടലുകള്‍ ഗുണകാംക്ഷാപരമായിരിക്കണം. അല്ലാത്തതൊക്കെയും വിഫലമായിരിക്കും.

Related Articles