Current Date

Search
Close this search box.
Search
Close this search box.

സമസ്ത ആദര്‍ശ സമ്മേളനം ജനുവരി 8ന് കോഴിക്കോട്

ചേളാരി: സമസ്ത ആദര്‍ശ സമ്മേളനം ജനുവരി 8ന് കോഴിക്കോട് നടത്താന്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശ പ്രചാരണം ലക്ഷ്യമാക്കിയും നവീനവാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും വേണ്ടിയാണ് ബഹുജന പങ്കാളിത്തത്തോടെ കോഴിക്കോട് വിപുലമായ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ബിദഈ ആശയങ്ങളെ പ്രതിരോധിക്കുന്നതിനും കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, യുഎം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം.കെ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമ്മര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ജനറല്‍ കണ്‍വീനറും റഷീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് കണ്‍വീനറും എം.സി മായിന്‍ ഹാജി ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.

ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വി മൂസക്കോയ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി മുസ്തഫര്‍ ഫൈസി, യു മുഹമ്മദ് ശാഫി ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles