Current Date

Search
Close this search box.
Search
Close this search box.

യോഗിക്കെതിരായ പ്രസംഗം: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്‍ കുറ്റക്കാരന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനുമെതിരെ പ്രസംഗിച്ചതിന് വിദ്വേഷ പ്രസംഗ കുറ്റം ചുമത്തപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. ഉത്തര്‍പ്രദേശ് റാംപൂര്‍ കോടതിയുടെതാണ് വിധി. ശിക്ഷാ വിധി ഉടന്‍ പുറപ്പെടുവിക്കും. അഭിഭാഷകനും പ്രാദേശിക ബി.ജെ.പി നേതാവുമായ ആകാശ് സക്സേനയുടെ പരാതിയില്‍ 2019ലാണ് ഖാനെതിരെ കേസെടുത്തത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ അക്രമം ഉണ്ടാക്കാന്‍ സമാജ്വാദി പാര്‍ട്ടി എം.പി ശ്രമിക്കുന്നുവെന്നാണ് സക്സേന ആരോപിച്ചിരുന്നത്.

‘എന്റെ പരാതിയില്‍, റിട്ടേണിംഗ് ഓഫീസര്‍ വിഷയം മനസ്സിലാക്കുകയും പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു, അദ്ദേഹം ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു’.- സക്‌സേന പറഞ്ഞു. 1951ലെ ജനപ്രതിനിധി നിയമത്തിലെ വ്യവസ്ഥകള്‍ക്കൊപ്പം, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (1) (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു കേസില്‍, മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയില്‍ 13.84 ഹെക്ടര്‍ പ്ലോട്ട് അനധികൃതമായി സ്വന്തമാക്കിയെന്ന ആരോപണവും ഖാനെതിരെയുണ്ട്.

ഇന്ത്യ വിഭജന സമയത്ത് അതിന്റെ മുന്‍ ഉടമ ഇമാമുദ്ദീന്‍ ഖുറേഷി എന്നയാള്‍ പാകിസ്ഥാനിലേക്ക് പോയതിനെത്തുടര്‍ന്ന് 1968 ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം ഭൂമിയെ ശത്രു സ്വത്തായി തരംതിരിച്ചതായിരുന്നു. രാംപൂര്‍ എംഎല്‍എയായ ഖാന്‍ ഭൂ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തിലേറെയായി ജയിലിലായിരുന്നു. സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ പുറത്തിറങ്ങുകയായിരുന്നു.

 

Related Articles