Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിന് ഊഷ്മള സ്വീകരണം നല്‍കി മുഹമ്മദ് ബിന്‍ സല്‍മാന്‍- വീഡിയോ

റിയാദ്: 41ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഊഷ്മള സ്വീകരണം നല്‍കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളും തമ്മില്‍ മൂന്നര വര്‍ഷമായി നിലനിന്നിരുന്ന സമ്പൂര്‍ണ്ണ ഉപരോധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ശേഷം ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

അല്‍ ഉലയിലെത്തിയ ഖത്തര്‍ അമീറിനെ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഉന്നത പ്രതിനിധി സംഘം വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഖത്തര്‍ എയര്‍വേസിന്റെ എയര്‍ബസ് എ 340 വിമാനത്തിലെത്തിയ ഖത്തര്‍ അമീറിനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലിംഗനം ചെയ്യുന്ന ഫോട്ടോയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ നേര്‍ചിത്രമായിരുന്നു ഈ കൂടിക്കാഴ്ച്ച. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞആറന്‍ നഗരമായ അല്‍ ഉലയില്‍ വെച്ചാണ് ചൊവ്വാഴ്ച ഉച്ചകോടി നടക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ മുഴുവന്‍ ജി.സി.സി അംഗരാഷ്ട്രങ്ങളിലെ നേതാക്കളും സൗദിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ് അംഗരാഷ്ട്രങ്ങളാണ് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലുള്ളത്. അല്‍ ഉല കരാര്‍ എന്ന പേരില്‍ ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ വെച്ച് ഉണ്ടാകും.

Related Articles