Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവകരാറിലേക്ക് മടങ്ങാനായി പ്രവര്‍ത്തിക്കും: ഖത്തര്‍

ദോഹ: 2015ലെ ആണവ കരാറിലേക്ക് ഇറാന്‍ മടങ്ങിവരാന്‍ വേണ്ടി ഖത്തര്‍ പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇറാനിലെ യു.എസ് പ്രത്യേക വക്താവ് റോബര്‍ മാലിയും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളീവനും തമ്മില്‍ ഈ വിഷയത്തില്‍ ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു.

ആണവ കരാറിലേക്ക് മടങ്ങിവരുന്നതിനും വിഷയത്തിന്റെ തീവ്രത കുറക്കാനുമായി രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രക്രിയയിലൂടെ ഖത്തര്‍ പ്രവര്‍ത്തിക്കുമെന്നും ഇറാനുമായും യുഎസുമായും ഖത്തര്‍ ആശയവിനിമയം തുടരുകയാണെന്നും ഇരുവരുമായും ഖത്തര്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അല്‍താനി പറഞ്ഞു.

ലോകശക്തികളുമായി ഇറാന്‍ ഒപ്പുവച്ച ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള വഴികള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പരിശോധിക്കുന്നതിനിടെയാണ് പിന്തുണയുമായി ഖത്തറും രംഗത്തെത്തിയത്. ഇറാന്‍ ആണവകകരാറിലേക്ക് മടങ്ങിയാല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാമെന്ന് യു.എസും ഉപരോധം പിന്‍വലിച്ചാല്‍ ഉടന്‍ തന്നെ കരാറിലേക്ക് മടങ്ങാമെന്ന് ഇറാനും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2018ലാണ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി ഇറാന്‍ ആണവകരാറില്‍ നിന്നും യു.എസിനെ പിന്‍വലിക്കുന്നത്.

Related Articles