Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങള്‍ വാക്കു പാലിച്ചിരിക്കുന്നു’ ലോകത്തിന് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍

ദോഹ: ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഖത്തര്‍ ലോകകപ്പിന് ഞായറാഴ്ച രാത്രി ലുസൈല്‍ സ്‌റ്റേഡിയത്തില്‍ വിരാമമായതോടെ കപ്പ് നേടിയത് അര്‍ജന്റീന മാത്രമല്ല. ഖത്തറെന്ന ആതിഥേയ രാഷ്ട്രം കൂടിയാണ്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള അവഹേളനങ്ങളും വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം സഹിഷ്ണുതയോടെ പുഞ്ചിരിച്ച് അതിശയകരമായ സംഘാടനത്തിലൂടെ മറുപടി നല്‍കിയ ഖത്തറിന്റെ ഉപസംഹാരം കൂടിയായിരുന്നു ഫൈനല്‍ വേദി. ഖത്തര്‍ അമീറിന്റെ ആ പുഞ്ചിരിയില്‍ ഉണ്ടായിരുന്നു എല്ലാം. ഒടുവില്‍ പറയാനുള്ളത് ഹ്രസ്വമായ ട്വീറ്റിലൂടെ ലോകത്തോട് പറഞ്ഞ് ഖത്തര്‍ അമീര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ച് ആ അധ്യായത്തിന് വിരാമം കുറിച്ചു.

‘അവസാനം ഞങ്ങള്‍ വാക്കു പാലിച്ചിരിക്കുന്നു, പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ നിന്നും ലോകകപ്പ് സംഘടിപ്പിച്ചുകൊണ്ട്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ തനിമയും ഞങ്ങളുടെ മൂല്യങ്ങളുടെ അപൂര്‍വതയും ആഗോള ജനസമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനുള്ള അവസരം ഞങ്ങള്‍ക്ക് അതിലൂടെ ലഭിച്ചു.’ ഞായറാഴ്ച രാത്രിയാണ് അമീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ ലോകത്തിന് നന്ദി പറഞ്ഞത്.

ടൂര്‍ണമെന്റിന്റെ വിജയത്തിനും അത് കാണുന്നതിനുമായെത്തിയ ആരാധകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ തുടങ്ങി സംഭാവന നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും ടീമിനും കളിക്കാര്‍ക്കുമെല്ലാം 2022ലെ ഫിഫ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഞാന്‍ നന്ദിയും കടപ്പാടും അറിയിക്കുന്നതായും പിന്നീട് മറ്റൊരു ട്വീറ്റില്‍ അമീര്‍ കുറിച്ചു.

ഖത്തര്‍ ലോകകപ്പ് 2022 നേടിയ അര്‍ജന്റീനിയന്‍ ദേശീയ ടീമിനെയും ഫ്രഞ്ച് ദേശീയ ടീമിനെയും അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ മികച്ച കളിയ്ക്കും മറ്റു ടീമുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ക്രിയാത്മകമായ സഹകരണം ചെയ്ത അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷനുകളോടും നന്ദി പറയുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles