Current Date

Search
Close this search box.
Search
Close this search box.

നഗോര്‍ണോ-കരാബാഹ്; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് പുടിനും മാക്രോണും

ബാകു: കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടരുന്ന അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്ത്.

ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നഗോര്‍ണോ-കരാബാഹ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു രാജ്യത്തെയും സൈനികര്‍ തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇതിനകം ഇരു ഭാഗത്തുനിന്നുമായി ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടമെന്നാണ് മേഖലയില്‍ സ്വാധീനമുള്ള ഇരു രാഷ്ട്ര തലവന്മാരും ആഹ്വാനം ചെയ്തതത്. മേഖലയിലെ പിരിമുറുക്കം അവസാനിപ്പിക്കുകയും പരമാവധി സംയമനം കാത്തുസൂക്ഷിക്കുകയും വേണമെന്നും ഇരുവരും പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. യു.എസും വെടിനിര്‍ത്തലിന് അഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം വഹിക്കാമെന്ന റഷ്യയുടെ വാഗ്ദാനം അര്‍മേനിയയും അസര്‍ബൈജാനും നിരസിച്ചു.

ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ അതിര്‍ത്തി മേഖലയില്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ മേഖല അശാന്തമായി. 2016 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നഗോര്‍ണോ-കരാബാഹ് മേഖലയെചൊല്ലി തര്‍ക്കം രൂക്ഷമാണ്. അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്ത് സൈനിക നിയമം പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അസര്‍ബൈജാന്‍ ഇവിടെ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു.

അതേസമയം, ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസര്‍ബൈജാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു. തന്റെ രാജ്യത്തിന്റെ പിന്തുണ അസര്‍ബൈജാനായിരിക്കുമെന്ന് ഞായറാഴ്ച തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനാണ് പ്രഖ്യാപിച്ചത്. എന്നാല്‍ തുര്‍ക്കിയുടെ ഇടപെടലിനെ എതിര്‍ത്ത് അര്‍മേനിയയും രംഗത്തെത്തി.

തര്‍ക്കപ്രദേശമായ നഗോര്‍ണോ-കരാബാഹ് മേഖല അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ 1990 മുതല്‍ ഇവിടെ വംശീയ ഭൂരിപക്ഷമുള്ള അര്‍മേനിയക്കാര്‍ അര്‍മേനിയയുടെ പിന്തുണയോടെയാണ് ഇവിടെ അധിവസിക്കുന്നത്.

Related Articles