Current Date

Search
Close this search box.
Search
Close this search box.

‘നിന്ദ്യം, അങ്ങേയറ്റത്തെ വിവേചനം’ സന്നക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പുലിറ്റ്‌സര്‍

ന്യൂയോര്‍ക്ക്: പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തക സന്ന ഇര്‍ഷാദ് മാട്ടൂവിന് ഇന്ത്യ അവാര്‍ഡ് സ്വീകരിക്കുന്നതിന് യാത്ര വിലക്കേര്‍പ്പെടുത്തിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് പുലിറ്റ്‌സര്‍ അവാര്‍ഡ് സമിതി. സന്ന ഇര്‍ഷാദ് മട്ടൂവിനെ പരിപാടിയില്‍ നിന്ന് വിലക്കിയത് ”അത്യധികം വിവേചനപരമാണ് എന്നാണ് ഒക്ടോബര്‍ 20ന് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 2022ലെ പുലിറ്റ്സര്‍ പ്രൈസസിന്റെ സഹ അധ്യക്ഷന്‍ ജോണ്‍ ഡാനിസെവ്‌സ്‌കി പറഞ്ഞത്.

പുലിറ്റ്സര്‍ സമ്മാനദാന ചടങ്ങിലെ മാട്ടൂവിന്റെ അഭാവത്തെക്കുറിച്ചുള്ള ഡാനിസെവ്‌സ്‌കിയുടെ പ്രസ്താവന പുലിറ്റ്‌സറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് നിന്ദ്യവും അങ്ങേയറ്റം വിവേചനപരവുമാണ്. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളുടെ പ്രതീകമാണ് അവര്‍ ”ട്വീറ്റില്‍ പറഞ്ഞു.

സാധുവായ വിസയും ടിക്കറ്റും ഉണ്ടായിരുന്നിട്ടും ഒക്ടോബര്‍ 18നാണ് ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വെച്ച് സന്നയെ അധികൃതര്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചത്. സന്ന തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇത് രണ്ടാം തവണയാണ് മാട്ടുവിനെ ഇങ്ങനെ തടയുന്നത്. ഈ വര്‍ഷം ആദ്യം, അവര്‍ക്ക് ലഭിച്ച ഗ്രാന്റ് സ്വീകരിക്കാന്‍ ഫ്രാന്‍സിലേക്ക് പോകുന്നതില്‍ നിന്നും അവളെ സമാനമായി തടഞ്ഞിരുന്നു.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, കമ്മറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള ആഗോള ദേശീയ അവകാശ, മാധ്യമ പ്രവര്‍ത്തക സംഘടനകളും മാട്ടൂവിനെ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത് തടയാനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു.

വീണ്ടും എയര്‍പോര്‍ട്ടില്‍ തടഞ്ഞു; സന്നക്ക് പുലിറ്റ്‌സര്‍ അവാര്‍ഡ് സ്വീകരിക്കാനാവില്ല

 

Related Articles