Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം രൂക്ഷം

യാങ്കോണ്‍: മ്യാന്മറില്‍ കഴിഞ്ഞയാഴ്ച നടന്ന പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങള്‍ തെരുവില്‍. ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജലപീരങ്കിയും ഗ്രനേഡുമുപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുകയാണ് പൊലിസ്. മ്യാന്മര്‍ തലസ്ഥാനമായ നായ്പിദോവില്‍ സമാധാനപരമായി നടക്കുന്ന സമരത്തെ ശക്തമായി അടിച്ചമര്‍ത്തുകയാണ് പൊലിസെന്ന് സമരക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ മൂന്നാം ദിനമായ തിങ്കളാഴ്ച പ്രധാന നഗരങ്ങളിലെല്ലാം പ്ലക്കാര്‍ഡും പാര്‍ട്ടി പതാകകളും ഫഌക്‌സ് ബോര്‍ഡും കൈയിലേന്തി ആയിരങ്ങളാണ് അണിനിരന്നത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. അതേസമയം, മ്യാന്മര്‍ സൈന്യത്തിന്റെ മുന്‍കാല ചരിത്രം പോലെ സമരക്കാരെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്നും പൊലിസും സൈന്യവും വിട്ടുനിന്നും. ശക്തമായ നടപടി വേണ്ടെന്ന് സൈനിക മേധാവി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരുപറഞ്ഞ് ചില സംഘടനകള്‍ നിയമലംഘനങ്ങളും ഭീഷണികളും ഉയര്‍ത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അസ്വസ്ഥമാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും രാജ്യത്തിന്റെ സ്ഥിരത, പൊതുസുരക്ഷ, നിയമവാഴ്ച എന്നിവ തടയുകയും നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം പ്രതിഷേധത്തില്‍ പങ്കുചേരാനും നിസ്സഹകരണത്തിനുള്ള പ്രചാരണത്തെ പിന്തുണയ്ക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനമുണ്ടായിരുന്നു. നഴ്‌സുമാര്‍, അധ്യാപകര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍, സന്യാസിമാര്‍ എന്നിവര്‍ തിങ്കളാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ‘സ്വേച്ഛാധിപത്യത്തോട് നോ പറയുക’, ‘ഞങ്ങള്‍ക്ക് ജനാധിപത്യം വേണം’ ‘ഞങ്ങളുടെ നേതാക്കളെ വിട്ടയക്കുക, ഞങ്ങളുടെ വോട്ടുകളെ ബഹുമാനിക്കുക, സൈനിക അട്ടിമറി ഒഴിവാക്കുക’ എന്നീ പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിപ്പിടിച്ചത്. പ്രതിഷേധക്കാര്‍ സൂചിയുടെ പാര്‍ട്ടിയുടെ പതാകയും ചുവന്ന നിറത്തിലുള്ള ബാനറുകള്‍ക്കൊപ്പം ബുദ്ധ പതാകകളും ഉയര്‍ത്തി.

Related Articles