Current Date

Search
Close this search box.
Search
Close this search box.

അനീഷ് ഖാന്റെ മരണത്തിനെതിരെ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു

കൊല്‍ക്കത്ത: കഴിഞ്ഞ 19ന് കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ അലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി അനീഷ് ഖാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അനീഷ് ഖാന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. 28കാരനായ അനീഷ് ഖാന്‍ ഫെബ്രുവരി 19ന് പുലര്‍ച്ചെ ഒരു മണിക്കാണ് അംതയിലെ വീടിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് കൊല്ലപ്പെട്ടത്.

നേരത്തെ എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന അനീഷ് പിന്നീട് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന സംഘടനയിലെ അംഗമായിരുന്നു. 2021 ജനുവരിയില്‍ വെസ്റ്റ് ബംഗാളില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണിത്. ഹൈറ ജില്ലയിലെ കന്‍പാറ ഗ്രാമത്തിലെ ശാരദ സൗത്തിലാണ് അനീഷിന്റെ വീട്. മൂന്ന് പേര്‍ അനീഷിനെ തിരഞ്ഞ് വീടിന്റെ മുകളിലേക്ക് കയറിവരികയും നാലാമതായി ഒരു പൊലിസുകാരനും വന്നതായും പിതാവ് പറഞ്ഞു. പൊലിസുകാരന്‍ പിതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് മുകളില്‍ നിന്നും അടിപിടി നടന്നെന്നും അവര്‍ അനീഷിനെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും പിതാവ് സലാം പറഞ്ഞു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് നേരത്തെ ഖാന്‍ ബംഗാള്‍ പോലീസിനോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന പ്രക്ഷോഭത്തിന് മുഖ്യ നേതൃത്വം നല്‍കിയിരുന്നത് ഖാനായിരുന്നു. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ 130 ദിവസം കുത്തിയിരിപ്പ് സമരവും ഖാന്‍ നടത്തിയിരുന്നു. കൊലക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. അലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. ബംഗാള്‍ ഡല്‍ഹൗസി റൈറ്റേഴ്‌സ് ബില്‍ഡിങിലേക്ക് മാര്‍ച്ച് നടത്തി. സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. JusticeforAnishKhan എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ട്രെന്റിങ് ആയത്.

Related Articles