Current Date

Search
Close this search box.
Search
Close this search box.

റാഷിദ് ഗനൂഷിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അറബ് ലോക നേതാക്കള്‍ രംഗത്ത്

തൂനിസ്: തുനീഷ്യന്‍ മുന്‍ സ്പീക്കറും അന്നഹ്ദ പാര്‍ട്ടിയുടെ പ്രസിഡന്റുമായ റാഷിദുല്‍ ഗനൂഷിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അറബ്-മുസ്ലിം ലോക നേതാക്കള്‍ രംഗത്ത്. അദ്ദേഹത്തെ തുനീഷ്യന്‍ അധികൃതര്‍ ജയിലിലടച്ചിച്ച് 100 ദിവസം പൂര്‍ത്തിയാകുന്ന വേളയിലാണ് സംയുക്ത കത്തിലൂടെ ലോകനേതാക്കള്‍ പ്രതിഷേധം അറിയിച്ചത്.

അറബ്, മുസ്ലീം ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് പ്രമുഖരാണ് ഗനൂഷി അടക്കം തുനീഷ്യയിലെ മറ്റ് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യമാവശ്യപ്പെട്ട് തുനീഷ്യന്‍ അധികാരികള്‍ക്കാണ് തുറന്ന കത്തയച്ചത്.

‘2023 ഫെബ്രുവരി മുതല്‍ വിയോജിപ്പിനെതിരായ ”വ്യാപകമായ അടിച്ചമര്‍ത്തലിന്റെ” ഭാഗമാണ് ഗനൂഷിയുടെ അറസ്റ്റ്. തുനീഷ്യയുടെ ജനാധിപത്യ നേട്ടങ്ങള്‍ പിന്‍വലിക്കാനും സ്വേച്ഛാധിപത്യം പുനഃസ്ഥാപിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിപക്ഷ നേതാക്കളുടെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ സഖ്യം രൂപീകരിച്ചതാണ് അവര്‍ ചെയ്ത ഏക കുറ്റം. ഇത്തരം പുരോഗതിയെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അറസ്റ്റെന്നും കത്തില്‍ പറയുന്നുണ്ട്.

തുനീഷ്യയില്‍ ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.

അള്‍ജീരിയന്‍ പാര്‍ലമെന്റ് അംഗം അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഫര്‍ഹത്ത്, മൊറോക്കോയിലെ യൂണിറ്റി ആന്റ് റെവലൂഷന്‍ മുന്‍ പ്രസിഡന്റ് അബ്ദുറഹീം ഷെയ്ഖി, ഇറാഖി ഫിഖ്ഹ് കൗണ്‍സില് അംഗം ഹുസൈന്‍ ഗാസി അടക്കമുള്ള ആഗോള മുസ്ലീം നേതാക്കളും അക്കാദമിക് വിദഗ്ധരും മറ്റു ഉന്നത വ്യക്തികളും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു

തുനീഷ്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് ഗനൂഷിയെ കഴിഞ്ഞ ഏപ്രില്‍ 17 നാണ് ടുണീഷ്യന്‍ ജഡ്ജിയുടെ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വ്യാജ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്.
കുറ്റം ഗനൂഷി നിഷേധിക്കുകയും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തിരുന്നു.

Related Articles