Current Date

Search
Close this search box.
Search
Close this search box.

‘വെള്ളക്കാര്‍ക്ക് മുന്‍ഗണന’; യുക്രൈന്‍ അതിര്‍ത്തിയിലും വിവേചനം നേരിട്ട് വിദ്യാര്‍ത്ഥികള്‍

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ആക്രമണവും അതിരൂക്ഷമായി തുടരുമ്പോള്‍ ലക്ഷങ്ങളാണ് ജീവനും കൊണ്ട് യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്നത്. കിലോമീറ്ററുകളാണ് അതിര്‍ത്തികളില്‍ രാജ്യം കടക്കാനായി യുക്രൈനിലെ വിവിധ രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ കാത്തുകെട്ടി നില്‍ക്കുന്നത്. ഇതിനിടെ അതിര്‍ത്തികളില്‍ പൊലിസും സുരക്ഷ ഉദ്യോഗസ്ഥരും വര്‍ണ്ണ-വര്‍ഗ്ഗ വിവേചനം കാണിക്കുന്നതായ റിപ്പോര്‍ട്ടുകളും പ്രാരംഭഘട്ട മുതല്‍ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈജിപ്തില്‍ നിന്നുള്ള അഭയാര്‍ത്ഥികളും സമാന പരാതി ഉന്നയിച്ചിരിക്കുകയാണ്. യുക്രൈന്‍ പൗരന്മാര്‍ക്കാണ് അതിര്‍ത്തികളിലും ട്രെയിനിലും മറ്റു വാഹനങ്ങളിലുമെല്ലാം പ്രഥമ പരിഗണന നല്‍കുന്നതെന്ന് നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നു.

അതിര്‍ത്തി കടക്കാന്‍ വെള്ളക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ പൗരന്മാര്‍ പ്രതികരിച്ചത്. അതിര്‍ത്തികളില്‍ സുരക്ഷ ജീവനക്കാര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും ചിലയാളുകളെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നും മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. കൊടും തണുപ്പില്‍ മരവിക്കുന്ന അവസ്ഥയാണ് അതിര്‍ത്തികളില്‍. അവിടെ ഷെല്‍ട്ടറുകളോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും 20കാരനായ ഈജിപ്തുകാരന്‍ ആദം അലാവുദ്ദീന്‍ പറഞ്ഞു. ഖാര്‍കീവില്‍ എന്‍ജിനിയറങ്ങിന് പഠിക്കുകയാണ് ആദം.

താനും സുഹൃത്തുക്കളും തങ്ങളുടെ സാധനങ്ങളെല്ലാമെടുത്ത് 1,060 കിലോമീറ്റര്‍ യാത്ര ചെയ്താണ് പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ ലിവിവിലേക്ക് എത്തിയത്. ഉക്രെയ്‌നിലെ ഈജിപ്ഷ്യന്‍ എംബസി ഞങ്ങളോട് വിഷമിക്കേണ്ടെന്നും താമസസ്ഥലത്ത് തന്നെ ഇരിക്കണമെന്നും പറഞ്ഞു. എന്നാല്‍, അവരുടെ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ എന്റെ വിധി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. അതിര്‍ത്തിയിലേക്ക് നടക്കുക എന്നതായിരുന്നു ഏക പോംവഴി, അവിടെ എത്താന്‍ ഞങ്ങള്‍ 11 മണിക്കൂര്‍ എടുത്തു.

തണുപ്പില്‍ നിന്ന് രക്ഷതേടാന്‍ ഞങ്ങള്‍ തീ ഉണ്ടാക്കുമ്പോള്‍, യുക്രേനിയന്‍ പോലീസ് അത് അണയ്ക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു ഞങ്ങള്‍ ഒരു പുതപ്പുമില്ലാതെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഉറങ്ങുകയായിരുന്നു, അതിര്‍ത്തി കടന്നിട്ടും, എന്ത് ചെയ്യണമെന്നും എവിടേക്ക് പോകണമെന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു- വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘ഭക്ഷണ വില്‍പ്പനക്കാര്‍ ഞങ്ങള്‍ക്ക് ഭക്ഷണമൊന്നും നല്‍കുന്നില്ല. അവര്‍ വെള്ളക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അവര്‍ ഒരിക്കലും ഞങ്ങള്‍ക്കോ നമ്മുടെ സ്ത്രീ സുഹൃത്തുക്കള്‍ക്കോ ക്യൂവില്‍ ശരിയായ സ്ഥാനം അനുവദിക്കുന്നില്ല. പോളണ്ടിലോ റൊമാനിയയിലോ ഈജിപ്ഷ്യന്‍ എംബസിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും’ മറ്റൊരു വിദ്യാര്‍ത്ഥിയായ- മഹ്‌മൂദ് അബു അല്‍-സൗദ് പറഞ്ഞു. ഒടുവില്‍ പോളിഷ് അതിര്‍ത്തിയിലെത്തിയപ്പോഴാണ് സമാധാനമായതെന്നും ഇവിടെ മികച്ച പരിചരണാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles