Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലക്കി ഭൂചലനം: 1500നടുത്ത് മരണം

അങ്കാറ: അതിഭീകര ഭൂചലനത്തിന്റെ നടുക്കത്തിലാണ് തുര്‍ക്കിയും സിറിയയും തിങ്കളാഴ്ച ഞെട്ടിയെഴുന്നേറ്റത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കുകിഴക്കന്‍ തുര്‍ക്കിയെയും അതിര്‍ത്തി പ്രദേശമായ വടക്കന്‍ സിറിയയെയുമാണ് പിടിച്ചുലക്കിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം 1500നടുത്തായിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ മാത്രം ആയിരവും സിറിയയില്‍ നാനൂറോളം പേരുമാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയില്‍ 912 പേര്‍ മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. രാജ്യത്ത് 5,383 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ എത്ര ഉയരുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളുകളുടെ നിലവിളികള്‍ കേള്‍ക്കുന്നുണ്ടെന്നും ഓരോ 10 മിനിറ്റിനിടെയും ഓരോ മൃതശരീരം കണ്ടെടുക്കുന്നുണ്ടെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ഗാസിയന്‍ടോപില്‍ നിന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന മേഖലയാണിത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഈജിപ്തില്‍ വരെ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയില്‍ 2000നടുത്ത് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് ഉര്‍ദുഗാന്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സിറിയയില്‍ ആരോഗ്യമേഖലയുടെ തകര്‍ച്ച ഈ സമയത്ത് വലിയ തിരിച്ചടിയായിട്ടുണ്ട്. ആശുപത്രികളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണ്. വേണ്ടത്ര അടിയന്തര സഹായവും ചികിത്സയും ഇവിടെ നല്‍കാന്‍ സാധിക്കുന്നില്ല.

സിറിയയും തുര്‍ക്കിയും ലോകത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുര്‍ക്കിക്കും സിറിയക്കും സഹായവുമായി രാഷ്ട്ര നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യു.എസ് സേനയെ സഹായത്തിനായി അയച്ചിട്ടുണ്ട്.

Related Articles