Current Date

Search
Close this search box.
Search
Close this search box.

നൂറിന്റെ നിറവില്‍ പൂക്കോട്ടൂര്‍ യുദ്ധ ഓര്‍മകള്‍

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസിക പോരാട്ടമായിരുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഇന്ന് നൂറാം വാര്‍ഷികം. 1921 ഓഗസ്റ്റ് 26ന് മലബാറിലെ നിരായുധരായ മാപ്പിളമാര്‍ സര്‍വസായുധരായ ബ്രിട്ടീഷ് സൈന്യത്തോട് പോരാടിയതിന്റെ വീര ചരിത്രമാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പറയാനുള്ളത്.

ലെയിന്‍സ്റ്റര്‍ റെജിമെന്റിലെ നൂറുപേരും മലബാര്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ 28 പൊലിസുകാരുമടങ്ങിയ ബ്രിട്ടീഷ് സൈന്യത്തോട് 350ഓളം വരുന്ന മാപ്പിളകളാണ് പോരാടിയത്. രൂക്ഷമായ ഏറ്റുമുട്ടലിനിടെ 257 പേരാണ് രക്തസാക്ഷികളായത്. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച അപൂര്‍വങ്ങളില്‍ ഒന്നായിരുന്നു ഈ പോരാട്ടം.

ആഗസ്റ്റ് 26ന് പുലര്‍ച്ചെ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെട്ട പട്ടാളത്തെ നേരിടാന്‍ പൂക്കോട്ടൂരിനും പിലാക്കലിനുമിടയില്‍ ദേശീയപാതയുടെ ഇരുവശത്തുമുള്ള നെല്‍പാടത്ത് മാപ്പിള പോരാളികള്‍ ഒളിഞ്ഞിരുന്നു. സൈന്യം പൂക്കോട്ടൂര്‍ അങ്ങാടിയില്‍ നിന്ന് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ആദ്യ വെടിയുതിര്‍ത്തത്. ഇതോടെ അപകടം മണത്ത ബ്രിട്ടീഷ് സൈനിക വ്യൂഹം അവിടെ നിന്നു. പിന്നീട് പുക ബോംബെറിഞ്ഞ ശേഷം സ്‌റ്റോക്‌സ് മോര്‍ട്ടാര്‍ പീരങ്കികളും ലൂയിസ് ഗണ്ണുകളും ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യം മാപ്പിള പോരാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അഞ്ചു മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ യുദ്ധനായകനും പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയുമായ വടക്കുവീട്ടില്‍ മുഹമ്മദ് ഉള്‍പ്പെടെ 257 പേരാണ് കൊല്ലപ്പെട്ടത്. ലെയിന്‍സ്റ്റര്‍ റെജിമെന്റിലെ 70 സൈനികരെയും 17 പൊലീസുകാരെയും കാണാനില്ലെന്നും ഒട്ടേറെ യൂറോപ്യന്മാര്‍ കൊല്ലപ്പെട്ടതായും അന്നത്തെ പത്രങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തിന് ഏറെ ആഘാതമേല്‍പിച്ച സൈനിക നീക്കങ്ങളിലൊന്നായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം.

യുദ്ധ ഓര്‍മകള്‍ക്കായി പൂക്കോട്ടൂര്‍ സ്മാരക ഗേറ്റും ഖബറിടവും മറ്റു സ്മാരകങ്ങളും ഇന്നും മലപ്പുറം പൂക്കോട്ടൂരില്‍ തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്.

Related Articles