Current Date

Search
Close this search box.
Search
Close this search box.

1000 വീടുകളുടെ പൂര്‍ത്തീകരണവും 500 വീടുകളുടെ പ്രഖ്യാപനവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

പെരിന്തല്‍മണ്ണ: ജനകീയ പദ്ധതിയിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ 2016 മുതല്‍ 1000 വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെയും അടുത്ത നാല് വര്‍ഷത്തിനകം പുതിയ 500 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന്റെയും പ്രഖ്യാപനം പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബ് റഹ്‌മാന്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനവും മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം) എന്‍.എം. മെഹറലി പൂര്‍ത്തിയാക്കാനുള്ള 500 വീടുകളുടെ പ്രഖ്യാപനവും നിര്‍വഹിച്ചു. പങ്കുവെപ്പിലൂടെയും തിരിച്ചറിവിലൂടെയും കേരളീയസമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്ന വലിയ ദൗത്യമാണ് കുറഞ്ഞ കാലത്തിനകം പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍വഹിച്ചതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

ഒറ്റമുറി വീട് സ്വപ്നം കാണാന്‍പോലും കഴിയാത്തവര്‍ക്കാണ് ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചുനല്‍കിയത്. കേരളീയസമൂഹം പൊതുവെ മധ്യവര്‍ഗക്കാരാണെങ്കിലും ഇവിടത്തെ ചേരികളെയും മലയോര, തീരദേശ മേഖലകളെയും അടുത്തറിഞ്ഞാല്‍ ഈ ധാരണ മാറ്റേണ്ടിവരും. ഇവിടെ ജീവിച്ചു എന്നതിനെക്കാള്‍ അതിന്റെ അടയാളപ്പെടുത്തല്‍ ഉണ്ടാവണം. അത്തരത്തിലുള്ള കൂട്ടായ മുന്നേറ്റമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സാധ്യമാക്കിയത്. ലഹരിയുടെ കെടുതിയില്‍പെട്ടവര്‍ക്ക് മോചനമായി പീപ്പിള്‍സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

പുതിയ 500 വീടുകളുടെ കൂടി നിര്‍മാണത്തോടെ ഈ സംരംഭം അവസാനിപ്പിക്കരുതെന്ന് എന്‍.എം. മെഹറലി ആവശ്യപ്പെട്ടു. 2018ഓടെ കേരളം പ്രകൃതി ദുരന്തങ്ങളുടെ ജാഗ്രതയിലാണ്. ഓരോ വര്‍ഷവും ചെറുതും വലുതുമായ ദുരന്തങ്ങളുണ്ടായി. അടിസ്ഥാനാവശ്യങ്ങള്‍ മുഴുവന്‍ പരിഹരിക്കാന്‍ പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാത്രം കഴിയില്ല.

മുന്നില്‍ വരുന്നവരെ പലപ്പോഴും നിരാശയോടെയാണ് മടക്കിഅയക്കേണ്ടി വരാറ്. അത്തരം ഘട്ടങ്ങളില്‍ പീപ്പിള്‍സ് ഫൗണ്ടേഷനെപോലുള്ള കൂട്ടായ്മകളുടെ പ്രവര്‍ത്തനം വലിയ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വേങ്ങൂരില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ ഉടമസ്ഥാവകാശരേഖ നജാത്തുല്ലക്ക് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ കൈമാറി. 500 വീട് പ്രോജക്ടിലേക്ക് ആദ്യഫണ്ട് ഹൈദരലി ശാന്തപുരം പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദിനും, കുറുവ പാങ്ങില്‍ നിര്‍മിക്കുന്ന പീപ്പിള്‍സ് ഹോം പദ്ധതിയിലേക്കുള്ള വിഹിതം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കണക്കയിലിനും നല്‍കി.

മലപ്പുറം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.വി. അന്‍വര്‍, സഫ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സലാം മേലാറ്റൂര്‍, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട്, വനിത വിഭാഗം ജില്ല പ്രസിഡന്റ് ഫാത്തിമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ.ടി. ഷറഫുദ്ദീന്‍ സ്വാഗതവും കെ.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. ആസാദ് അബ്ദുല്‍ ജബ്ബാര്‍ ഖിറാഅത്ത് നടത്തി. ഗായിക സിദ്‌റത്തുല്‍ മുന്‍തഹ ഗാനമാലപിച്ചു.

Related Articles