Current Date

Search
Close this search box.
Search
Close this search box.

ബാഴ്‌സലോണയുടെ മത്സരം ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ എതിര്‍ത്ത് ഫലസ്തീന്‍

ജറൂസലേം: ഇസ്രായേലില്‍ വെച്ച് ബാഴ്‌സലോണയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫലസ്തീന്‍. ഇസ്രായേലിന്റെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണ പ്രദര്‍ശന മത്സരം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മത്സരം ഉപേക്ഷിക്കണമെന്നും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രീല്‍ റജൂബ് ഫിഫക്ക് കത്തയച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ ജറുസലേമിനെ വിഭജിക്കപ്പെട്ട നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ കിഴക്കന്‍ ഭാഗം അധിനിവേശ ഫലസ്തീന്‍ ഭൂമിയായി കണക്കാക്കപ്പെടുന്നുണ്ട്. ഈ ഭാഗത്ത് നടക്കുന്ന ഏതെങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന് അധികാരപരിധി നല്‍കുന്നുണ്ടെന്നും ഇവിടെ മത്സരം സംഘടിപ്പിക്കുന്നത് ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു ക്ലബിന്റെയും സൗഹൃദ മത്സരങ്ങള്‍ എങ്ങനെ, എവിടെ സംഘടിപ്പിക്കണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെങ്കിലും നിര്‍ദ്ദിഷ്ട മത്സരത്തിനുള്ള വേദിയായി ജറുസലേമിനെ തിരഞ്ഞെടുത്തതിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്- കത്തില്‍ പറയുന്നു. യുവേഫ, എ.എഫ്.സി അസോസിയേഷനുകള്‍ക്ക് ഫലസ്തീന്‍ കത്ത് കൈമാറിയിട്ടുണ്ട്.

ഓഗസ്റ്റ് നാലിന് മല്‍ഹ ജില്ലയില്‍ വെച്ചാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. 1948ല്‍ സയണിസ്റ്റുകള്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ ഗ്രാമമാണിത്. തീവ്ര വംശീയത മാത്രം പ്രചരിപ്പിക്കുയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വലതുപക്ഷ സ്വാധീനമുള്ള ഇസ്രായേല്‍ ക്ലബായ ബെയ്തര്‍ ജറൂസലേം നേരത്തെയും കുപ്രസിദ്ധി നേടിയിരുന്നു.

Related Articles