Current Date

Search
Close this search box.
Search
Close this search box.

‘ഇതാണ് ഹരിയാനയില്‍ തിളങ്ങുന്ന ഇന്ത്യ’; നൂഹ് സന്ദര്‍ശിച്ച് പി മുജീബ് റഹ്‌മാനും സംഘവും

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംഘ്പരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ സന്ദര്‍ശനം നടത്തി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാനും സംഘവും. മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറിന്റെ കൂടെയാണ് സംഘം നൂഹ് സന്ദര്‍ശിച്ചത്. നൂഹിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം കണ്ടത് അതിദാരുണമായ കാഴ്ചകളാണ്. 300ഓളം യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ അവര്‍ ചെയ്ത കുറ്റം എന്താണെന്നോ പൊലിസ് പറയുന്നില്ലെന്നും അവരുടെ ബന്ധുക്കള്‍ പറഞ്ഞു.

‘യാത്ര പുറപ്പെട്ട് നൂഹിലെത്താറായപ്പോള്‍ നിറഞ്ഞ പോലിസ് വ്യൂഹം, കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. തെരുവ് വിജനമാണ്. മൂന്ന് സ്ഥലങ്ങളിലായി പോലീസ് പരിശോധന എല്ലാം കഴിഞ്ഞ് നൂഹിലെത്തിയപ്പോള്‍ ഭാവനയില്‍ പോലും കാണാനാവാത്ത ക്രൂരതകളാണ് ഒരു ഭരണകൂടവും സംഘ്പരിവാറും നൂഹിലെ ജനങ്ങളോട് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായി. സ്വതന്ത്ര ഇന്ത്യയില്‍ എങ്ങിനെയാണ് ഒരു സ്റ്റേറ്റിന് സ്വന്തം പൗരന്‍മാരോട് ഇങ്ങനെ ചെയ്യാനായത് എന്നെനിക്ക് മനസ്സിലായില്ല. അതാണ് വംശീയ ഭീകരത. എല്ലാ ആക്രമണങ്ങളും ആസൂത്രിതമെന്നതിലുപരി സെലക്ടീവ് ആയിരുന്നു.’ പി മുജീബ് റ്ഹമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഘത്തില്‍ മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ.നൗഷാദ്, അയ്യൂബ് തിരൂര്‍, അഫ്‌നാന്‍ മുട്ടില്‍, ഇല്‍യാസ് ഹമദാനി, ഇര്‍ഫാന്‍ ഡല്‍ഹി, നൂഹ് സ്വദേശി അഖില്‍ അഹമ്മദ് എന്നിവരുമുണ്ടായിരുന്നു.

പി മുജീബ് റഹ്‌മാന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹരിയാനയിലെ നൂഹ് സന്ദര്‍ശിച്ചു. ഭരണകൂടവും സംഘ്പരിവാറും നേരിട്ട് നടത്തുന്ന വംശീയാക്രമണങ്ങളുടെ നെഞ്ച് പിളര്‍ക്കും കാഴ്ചകളാണവിടെ. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തിയിരിക്കെ സ്വാഭാവികമായും
ഗുരുഗ്രാമിലെയും നൂഹിലെയും കലാപബാധിതരെയോര്‍ത്തു. എങ്ങിനെയെങ്കിലും ദുരിതബാധിതരുടെ അടുത്തെത്തണമെന്ന് തീരുമാനിച്ചു. കര്‍ഫ്യൂവില്‍ ഇളവുണ്ടെന്നറിഞ്ഞു. തടഞ്ഞാല്‍ തിരിച്ച് പോരണം. പോകാന്‍ അവസരം ലഭിച്ചാല്‍ ഭരണകൂട വേട്ടക്കിരയായ
പാവം മനുഷ്യരെ ആശ്വസിപ്പിക്കാനെങ്കിലും കഴിയണം. പോകുന്ന വഴി പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ ബഹുമാന്യനായ എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബിനെ ഒന്ന് വിളിച്ച് നോക്കി. പാര്‍മെന്റില്‍ അപരവല്‍ക്കരിക്കപ്പെടുന്നവരുടെ ശബ്ദമാണല്ലോ ഇ.ടി. ഞങ്ങള്‍ നൂഹിലേക്കാണ്, അങ്ങ് പോകുന്നുണ്ടോ? എന്ന ചോദ്യത്തിന് ഇതാ ഇറങ്ങി എന്ന മറുപടിയാണ് ലഭിച്ചത്.

ഞങ്ങള്‍ വഴില്‍വെച്ച് ഒരുമിച്ചു. പിന്നീട് ഒന്നിച്ചായിരുന്നു യാത്ര. യാത്ര പുറപ്പെട്ട് നൂഹിലെത്താറായപ്പോള്‍ നിറഞ്ഞ പോലിസ് വ്യൂഹം, കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. തെരുവ് വിജനമാണ്. മൂന്ന് സ്ഥലങ്ങളിലായി പോലീസ് പരിശോധന എല്ലാം കഴിഞ്ഞ് നൂഹിലെത്തിയപ്പോള്‍ ഭാവനയില്‍ പോലും കാണാനാവാത്ത ക്രൂരതകളാണ് ഒരു ഭരണകൂടവും സംഘ്പരിവാറും നൂഹിലെ ജനങ്ങളോട് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായി. സ്വതന്ത്ര ഇന്ത്യയില്‍ എങ്ങിനെയാണ് ഒരു സ്റ്റേറ്റിന് സ്വന്തം പൗരന്‍മാരോട് ഇങ്ങനെ ചെയ്യാനായത് എന്നെനിക്ക് മനസ്സിലായില്ല. അതാണ് വംശീയ ഭീകരത.

എല്ലാ ആക്രമണങ്ങളും ആസൂത്രിതമെന്നതിലുപരി സെലക്ടീവ് ആയിരുന്നു. നാല് നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹാറാ ഫാമിലി ഹോട്ടല്‍ ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയിരിക്കുന്നു.ഹോട്ടലിന് ഇരുവശവുമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ല. നൂഹ് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഞങ്ങളെത്തുമ്പോള്‍ മെഡിക്കല്‍ കോളേജിന് മുമ്പിലെ ലാബ്,സകാനിങ്ങ് സെന്റര്‍ തുടങ്ങി ഏതാണ്ട് 64 ഓളം കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ വഴി തകര്‍ത്തിരിക്കുന്നത്.

പ്രദേശവാസികളുടെ ഉപജീവനമാര്‍ഗമായി അവര്‍ റോഡിന് ഇരുവശവും കെട്ടിപ്പൊക്കിയ എല്ലാ കടകളും തകര്‍ത്തിരിക്കുന്നു. അനധികൃതമെന്ന ന്യായമാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപത്തിനായി ഇവര്‍ നിരത്തുന്ന ന്യായം. എന്നാല്‍ നൂഹിന്റെ ഹൃദയഭാഗത്ത് തന്നെ അത്യാവശ്യം വലിയ കെട്ടിടം പാടെ തകര്‍ക്കപ്പെട്ടിരിക്കുന്നു; ടൈല്‍സ് ഷോപ്പാണ്. തകര്‍ന്നടിഞ്ഞ കെട്ടിടത്തിനകത്ത് താടി നീട്ടിവളര്‍ത്തി പ്രായം ചെന്ന ഒരു മനുഷ്യന്‍.

അദ്ദേഹത്തിന്റെ പേര് ലിയാഖത്തലി, സ്വന്തം ഭൂമിയില്‍ കോര്‍പറേഷന്‍ അനുമതിയോടെ എല്ലാം നിയമവും പാലിച്ച് അദ്ദേഹം പണിത കെട്ടിടം, അദ്ദേഹത്തിന്റെ ജീവിതായുസ്സിന്റെ സമ്പാദ്യം എല്ലാം പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നു. ചില തെരുവുകള്‍ ശൂന്യമാണ്. കാരണമന്വേഷിച്ചപ്പോള്‍ ജീവഭയം കൊണ്ടോടിപ്പോയതാണ്. ചില തെരുവുകളില്‍ അമ്മമാരും കുട്ടികളും മാത്രം. അവരെല്ലാം ബഹുമാന്യനായ എം.പിയെയും ഞങ്ങളെയും കണ്ടപ്പോള്‍ കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടി. ആരും അവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. അവരെ സമാധാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഞങ്ങളുടെ മക്കളെവിടെ ഭര്‍ത്താക്കാന്‍മാരെവിടെ? യുവാക്കളെവിടെ? അതെ, നൂറുകണക്കിന് യുവാക്കളെ കാണാതായി എന്നതാണ് നമുക്കെല്ലാം ഉത്തരം കിട്ടാത്ത പ്രശ്‌നം.

നിരവധി ഗ്രാമങ്ങളിലൊന്നായ മുറാദ് ബാസ് എന്ന ഗ്രാമത്തില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ യുവാക്കളില്ല. സ്ത്രീകളും മുതിര്‍ന്നവരും അവരനുഭവിച്ച പീഡനങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പാകെ വിതുമ്പലോടെ അവതരിപ്പിച്ചു. പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ കയറിയ പോലീസ് സ്ത്രീകളെ വരെ ക്രുരമായി മര്‍ദിച്ചു. പ്രിയരെ ഇതാണ് ഹരിയാനയില്‍ തിളങ്ങുന്ന ഇന്ത്യ. ഇന്റര്‍നെറ്റ് വിലക്കിയതിനാല്‍ ഈ തിളക്കം ലോകമറിയുന്നില്ല. ഗുരുഗ്രാമിന്റെയും നൂഹിന്റെയും നിലവിളി പുറത്താരും കേള്‍ക്കുന്നില്ല.

വാക്കുകള്‍ക്ക് ഹരിയാനയുടെ വേദന ഒപ്പിയെടുക്കാന്‍ കഴിയില്ല. മണിപ്പൂരിനൊപ്പം ഹരിയാനയുടെയും രോദനം ലോകം കേള്‍ക്കണം, കേള്‍പ്പിക്കണം. ആരും തിരിഞ്ഞ് നോക്കാത്ത അവിടെയുള്ള പച്ച മനുഷ്യര്‍ക്കും നീതി ലഭിക്കണം. നീതി ലഭ്യമാകും വരെ നന്‍മേച്ചുക്കളായ മുഴുവന്‍ മനുഷ്യരും ഈ മര്‍ദിത ജനതക്കൊപ്പം നിലയുറപ്പിക്കണം. സുഹൃത്തുക്കളായ മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ.നൗഷാദ്, അയ്യൂബ് തിരൂര്‍, അഫ്‌നാന്‍ മുട്ടില്‍, ഇല്‍യാസ് ഹമദാനി, ഇര്‍ഫാന്‍ ഡല്‍ഹി, നൂഹ് സ്വദേശി അഖില്‍ അഹമ്മദ് സാഹിബ് തുടങ്ങിയവരൊന്നിച്ചുള്ള ഇന്നത്തെ യാത്ര മനസ്സില്‍ വല്ലാത്ത നീറ്റലായി ഇപ്പോഴും തുടരുന്നു. നൂഹ് നിവാസികളെല്ലാം ചോദിച്ചത് ഒറ്റ കാര്യമായിരുന്നു ”ഇന്‍സാഫ്’. ഞങ്ങളവരോട് പറഞ്ഞതും നിങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ്. നാഥാ, ഈ ജനതയുടെ നീതിക്കായുള്ള നിലവിളി നീ കേള്‍ക്കേണമേ….

 

ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles