Current Date

Search
Close this search box.
Search
Close this search box.

നൂഹില്‍ ഭീതി ഒഴിയുന്നില്ല; മുസ്ലിംകളുടെ 250 കുടിലുകള്‍ പൊളിച്ചു നീക്കി- വീഡിയോ

ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള ഭീതി അവസാനിക്കുന്നില്ല. സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിംകള്‍ക്കു നേരെ നടത്തുന്ന വര്‍ഗ്ഗീയ ആക്രമണങ്ങളെത്തുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇപ്പോഴിതാ മുസ്ലിംകള്‍ക്കെതിരെ നടപടിയുമായി പ്രാദേശിക ഭരണകൂടവും രംഗത്തെത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അക്രമം നടന്ന നൂഹ് ജില്ലയിലെ ടൗറു പട്ടണത്തിലെ 250-ലധികം കുടിയേറ്റ തൊഴിലാളികളുടെ കുടിലുകളാണ് ഹരിയാന സര്‍ക്കാര്‍ വ്യാഴാഴ്ച തകര്‍ത്തത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയില്‍ തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പോലീസും ആരോപിക്കുന്നത്.

കനത്ത സുരക്ഷാവലയത്തിലാണ് വ്യാഴാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചത്. നാല് വര്‍ഷമായി കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന മുഹമ്മദ്പൂര്‍ റോഡിലെ ഒരേക്കറോളം സ്ഥലത്തെ 250-ലധികം കുടിലുകളാണ് പൊളിച്ചത്.

കെട്ടിടങ്ങള്‍ നിയമവിരുദ്ധമായതിനാല്‍ പൊളിക്കലുകള്‍ നടത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (നിയമം) മംമ്താ സിങ്ങിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ നരേന്ദര്‍ ബിര്‍ജനിയ പറഞ്ഞു. ‘നിങ്ങള്‍ക്ക് നിയമവിരുദ്ധമായ ഒരു ഘടന ഉണ്ടാക്കാനും അത് ക്രമസമാധാനത്തെ തടസ്സപ്പെടുത്താനും ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഗുരുഗ്രാം പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ അനുവദിച്ചില്ല. വീടുകളില്‍ വെച്ച് പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം മത നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

തിങ്കളാഴ്ച ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്കിടെയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘ്പരിവാര്‍ നേതാവിന്റെ മുസ്ലിം വിദ്വേഷ വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍.

തുടര്‍ന്ന് അക്രമം സമീപ ജില്ലകളിലേക്കും വ്യാപിച്ചു, പ്രത്യേകിച്ചും ഗുരുഗ്രാമില്‍ വ്യാപകമായ തീവെപ്പിനും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്. മുസ്ലീം കുടിയേറ്റക്കാരുടെ വീടുകളും കടകളും കത്തിക്കുകയും അവര്‍ ഇവിടെ നിന്നും പോയില്ലെങ്കില്‍ അക്രമം നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒരു ഇമാമും രണ്ട് ഹോം ഗാര്‍ഡുമുള്‍പ്പെടെ ആറ് പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതുവരെയായി 176 പേരെ അറസ്റ്റ് ചെയ്യുകയും 90 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പൊലിസ് അറിയിച്ചു.

 

Related Articles