Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടില്ലെന്ന സൂചന നല്‍കി മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ (എം.ബി.എസ്) ഉദ്ധരിച്ച് പുതിയ റിപ്പോര്‍ട്ട്. ഇസ്രായേലുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ തന്റെ സ്വന്തം ജനതയാല്‍ തന്നെ താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞതായി ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലി അമേരിക്കന്‍ ശതകോടീശ്വരനായ ഹൈം സബാനെ ഉദ്ധരിച്ചാണ് ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ട്. യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ സൗദിയും ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇറാന്റെയും ഖത്തറിന്റെയും എന്റെ രാജ്യത്തെ ജനങ്ങളാല്‍ ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് എം.ബി.എസ് പറഞ്ഞതായി സബാന്‍ പ്രസ്താവിച്ചു.

ബുധനാഴ്ച യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനു വേണ്ടിയുള്ള ഓണ്‍ലൈന്‍ ക്യാംപയിനിങ്ങിനിടെയാണ് സബാന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ‘ബൈഡന്‍ വൈറ്റ് ഹൗസിലെത്തിയാലുള്ള ഇസ്രായേലിന്റെ സുരക്ഷയും സമൃദ്ധിയും’ എന്ന തലക്കെട്ടില്‍ നടന്ന ഓണ്‍ലൈന്‍ ക്യാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ വെച്ച് അബ്രഹാം ഉടമ്പടി ഒപ്പിടുമ്പോള്‍ ചടങ്ങില്‍ സന്നിഹിതനായ അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു സബാന്‍. വരും മാസങ്ങളില്‍ ഇസ്രയേലുമായുള്ള അടുത്ത ബന്ധത്തിന് സൗദി അറേബ്യയും സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സുഡാന്‍-ഇസ്രായേല്‍ ബന്ധത്തിന് അനുകൂലമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Related Articles