Current Date

Search
Close this search box.
Search
Close this search box.

ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗസ്സക്ക് വെള്ളമോ ഇന്ധനമോ നല്‍കില്ല: ഇസ്രായേല്‍ മന്ത്രി

തെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കുന്നത് വരെ ഗസ്സക്ക് വെള്ളമോ ഇന്ധനമോ നല്‍കില്ലെന്ന് ഇസ്രായേല്‍ മന്ത്രി പറഞ്ഞു. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ആറാം ദിനവും ശക്തമായ രീതിയില്‍ തന്നെ തുടരുകയാണ്. മുനമ്പിലെ ആരോഗ്യ-അടിസ്ഥാന മേഖലയെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നതുവരെ ഗാസയിലേക്ക് വൈദ്യുതിയോ ഇന്ധനമോ മാനുഷിക സഹായമോ നല്‍കില്ലെന്നും ഇത്തരത്തിലുള്ള ഒരു ട്രക്കുകളും കടത്തിവിടില്ലെന്നുമാണ് വ്യാഴാഴ്ച ഇസ്രായേല്‍ ഊര്‍ജ വകുപ്പ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞത്.

ഇസ്രായേലിന്റെ ശക്തമായ ബോംബാക്രമണം മൂലവും സമ്പൂര്‍ണ്ണമായ ഉപരോധം മൂലവും ആരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ച ‘യഥാര്‍ത്ഥത്തില്‍ ആരംഭിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തിനായി അടിയന്തര ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇസ്രീയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആന്റണി ബ്ലിങ്കനുമായ് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി.

ഇതുവരെയായി ഗസ്സയിലെ മരണസംഖ്യ 1,354-ലധികമാണ്, 6,049 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 ആയി. വ്യാഴാഴ്ച ഇസ്രായേലിലെ ദെറോതില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ആംബുലന്‍സുകളെയും ആരോഗ്യ സംവധിനാനങ്ങളെയും ലക്ഷ്യമിടുന്നതായി ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, ശനിയാഴ്ച ആക്രമണത്തിന് ശേഷം ഗാസയുമായുള്ള റഫ അതിര്‍ത്തി തങ്ങള്‍ ഒരിക്കലും അടച്ചിട്ടില്ലെന്ന് ഈജിപ്ത് പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായുള്ള ഇസ്രായേലി ബോംബാക്രമണം സാധാരണഗതിയില്‍ ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഈജിപ്ത് പറഞ്ഞു.

ഉപരോധ ഗാസ മുനമ്പില്‍ മാനുഷിക ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത്, ഖത്തര്‍, യു.എന്‍ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു. ‘ഒരു മാനുഷിക ഇടനാഴി തുറക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതുവരെ ഒന്നും പ്രാബല്യത്തിലായില്ല. ഗാസയിലെ നിലവിലെ സാഹചര്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹം കണ്ണു തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ ഇതുവരെയായി 12 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) പറഞ്ഞു.

Related Articles