Current Date

Search
Close this search box.
Search
Close this search box.

ഒരു നാടിന്റെ സ്വപ്‌ന സാക്ഷാത്കാരം: നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

മലപ്പുറം: റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ – ചാത്തമുണ്ടയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അദ്ധ്യക്ഷന്‍ എം.ഐ.അബ്ദുല്‍ അസീസ് പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റവും അര്‍ഹതപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പരസ്പര സഹകരണത്തോടെ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വീടുകള്‍ ഗുണഭോക്താക്കളുടെ ഔദാര്യമല്ല അവകാശമാണെന്നും വളരെ ആത്മാഭിമാനത്തോടെ അന്തസുയര്‍ത്തി ജീവിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ടി.ആരിഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. വില്ലേജിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സെന്റര്‍ ഉദ്ഘാടനം പി.വി.അന്‍വര്‍ എം.എല്‍.എ യും, കുടിവെള്ള പദ്ധതി ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടവും നിര്‍വഹിച്ചു. സമയബന്ധിതമായി വില്ലേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റാഹില്‍ ബില്‍ഡേഴ്‌സ് എം.ഡി ഷമീര്‍, ടെക്നിക്കല്‍ അഡൈ്വസര്‍ അയ്യൂബ് തിരൂര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എം.ഐ അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. വില്ലേജിലെ റോഡ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പോത്ത് കല്ല് പുതുതായി നിര്‍മ്മിക്കുന്ന പീപ്പിള്‍സ് വില്ലേജ് പദ്ധതി രേഖ സമര്‍പ്പണം ഇമ്പക്സ് മാനേജിങ് ഡയറക്റ്റര്‍ സി.നുവൈസ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സഫിയാ അലി ക്ക് നല്‍കി നിര്‍വഹിച്ചു. ബിള്‍ഡോവ വെഞ്ചേഴ്സ്, കോ-എര്‍ത്ത് ഇനിഷ്യേറ്റിവ് എന്നിവക്കുള്ള ഉപഹാരം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി സമര്‍പ്പിച്ചു.

നിലമ്പൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ReHAT NILAMBUR (Rehabilitation and Habitat Arrangement Task). ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫയര്‍ ട്രസ്റ്റും, പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമായ ഭൂമിയില്ലാത്തവര്‍ക്ക് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍, മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വാങ്ങിയ 1.75 ഏക്കര്‍ ഭൂമിയിലാണ് 27 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇതുള്‍പ്പടെ റിഹാറ്റ് പദ്ധതിയിലൂടെ ഭവനരഹിതരായ 76 കുടുംബങ്ങള്‍ക്കാണ് വാസയോഗ്യമായ വീടൊരുക്കിയത്. ഭവനരഹിതരും നിരാലംബരുമായ കുടുംബങ്ങളെ സൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന് സാധ്യമായിട്ടുണ്ട്.

സ്വന്തമായി സ്ഥലമുള്ള, വീടില്ലാത്തവര്‍ക്കുള്ള വീട് നിര്‍മ്മാണവും, പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാര്‍ക്ക് സംരംഭങ്ങള്‍ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ സഹായവും റീഹാറ്റ് നിലമ്പൂര്‍ ഒന്നാം ഘട്ട പദ്ധതിയില്‍ നല്‍കി. ഇതിനു പുറമെ സര്‍ക്കാര്‍ സഹായം ലഭിച്ച 25 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായവും നല്‍കി. അടിസ്ഥാന സൗകര്യ വികസനം,സ്വയം തൊഴില്‍ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, പൊതുസ്ഥലങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.

ഇംപെക്സ് മാനേജിങ് ഡയറക്ടര്‍ സി.നുവൈസ് , വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ബഷീര്‍, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, സംസ്ഥാന മധ്യ നിരോധന സമിതി സെക്രട്ടറി ഫാ.മാത്യുസ് വട്ടിയാനിക്കല്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലിം എടക്കര, നജാത്തുല്‍ അനാം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അലി ശാക്കിര്‍ മുണ്ടേരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ പ്രസിഡന്റ് പി.ഫാത്തിമ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം .അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് സ്വാഗതവും, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ അലി കരക്കാപറമ്പ് നന്ദിയും പറഞ്ഞു.

Related Articles