Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: മിക്ക സീറ്റുകളിലും നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഭൂരിപക്ഷം

തെല്‍അവീവ്: ഇസ്രായേലില്‍ തുടര്‍ച്ചയായി മൂന്നാം തവണ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് മികച്ച വിജയം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭരണഭൂരിപക്ഷം ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 90 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ നെതന്യാഹുവിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നത്. നേരത്തെ നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് മൂന്നാമത്തെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, തന്റെ മുഖ്യ എതിരാളി ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിനെതിരെ വിജയം നേടിയെന്ന് നെതന്യാഹു തിങ്കളാഴ്ച അവകാശവാദമുന്നയിച്ചിരുന്നു.

90 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 120 സീറ്റില്‍ ലികുഡ് പാര്‍ട്ടിക്ക് 37,ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റുമാണ് ലഭിച്ചത്. മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റിന് 15 സീറ്റാണുള്ളത്. ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരുടെ പാര്‍ട്ടി കൂടിയാണിത്. 60ല്‍ കൂടുതല്‍ സീറ്റുകള്‍ ലികുഡ് പാര്‍ട്ടി പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. തിങ്കളാഴ്ച ആദ്യ ഫലം പുറത്തുവന്നതോടെ തെല്‍അവീവിലെ നെതന്യാഹുവിന്റെ ക്യാംപില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു.

Related Articles