Current Date

Search
Close this search box.
Search
Close this search box.

ബിന്‍ സല്‍മാന്‍, പോംപിയോ എന്നിവരുമായി നെതന്യാഹു ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

തെല്‍ അവീവ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എന്നിവരുമായി ഇസ്രായേല്‍ പ്രസിഡന്റ് ബിന്യാമിന്‍ നെതന്യാഹു സൗദിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് യോഗം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനിടയിലാണ് മുതിര്‍ന്ന ഇസ്രായേല്‍, യു.എസ് നേതാക്കള്‍ സൗദി അധികൃതരുമായി കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നെതന്യാഹുവും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി യോസി കോഹനും കഴിഞ്ഞ ദിവസം സൗദിയിലേക്ക് പോയിട്ടുണ്ടെന്നും ഇരുവരും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായും മുഹമ്മദ് ബിന്‍ സല്‍മാനുമായും നിയൂം നഗരത്തില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ഇസ്രായേല്‍ മാധ്യമമായ ഖാന്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സൗദിയോ ഇസ്രായേലോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേലിലെ യു.എസ് എംബസിയും സൗദി അധികൃതരും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. തെല്‍അവീവില്‍ നിന്നും സൗദി നഗരമായ നിയൂമിലേക്ക് ഒരു സ്വകാര്യ വിമാനം പറന്നതിന്റെ രേഖകള്‍ ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സും റിപ്പോര്‍ട്ട് ചെയ്തു. ഇതേ സ്വകാര്യ വിമാനമാണ് നെതന്യാഹു റഷ്യന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച വേളയിലും ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അര്‍ധരാത്രി വിമാനം സൗദിയിലേക്ക് പറന്നതിന്റെ വിവരങ്ങളും ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകളെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles