Current Date

Search
Close this search box.
Search
Close this search box.

ധൂര്‍ത്തടിച്ച് കട്ടൗട്ടുകള്‍ വെക്കുന്ന താരാരാധന അതിരുകടക്കരുത്, വെള്ളിയാഴ്ച ഉദ്‌ബോധനം നടത്തും: സമസ്ത

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിന് വലിയ പണം ചിലവാക്കിയും ധൂര്‍ത്തടിച്ചും കട്ടൗട്ടുകള്‍ വെക്കുന്ന പ്രവണതക്കെതിരെ സമസ്ത രംഗത്ത്. ഇത്തരത്തിലുള്ള താരാരാധന അതിരു കടക്കരുതെന്നും ഇതിനെതിരെ വെള്ളിയാഴ്ച ജുമുഅ ഖുതുബക്ക് ശേഷം പള്ളികളില്‍ ഇക്കാര്യത്തില്‍ ഉത്‌ബോധനം നടത്തുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വുബ കമ്മിറ്റി പറഞ്ഞു. ഇക്കാര്യം കേരളത്തിലെ സമസ്തക്ക് കീഴിലുള്ള ഖത്വീബുമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പിലെ കളി കാണുന്നത് ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് തടസ്സമാകരുതെന്നും കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും നിര്‍ദേശത്തിലുണ്ട്. ‘ലോകകപ്പ്: ഫുട്‌ബോളും വിശ്വാസിയും’ എന്ന തലക്കെട്ടില്‍ നല്‍കിയ ഖുതുബ സിനോപ്‌സിസിലാണ് ഖത്വീബുമാര്‍ക്ക് ഫുട്‌ബോള്‍ ആരാധനയെക്കുറിച്ചും അതില്‍ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിര്‍ദേശം നല്‍കിയത്. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയാണ് ഖുതുബ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി.

ഫുട്ബാള്‍ ഒരു കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നിയച്ചത്.

Related Articles