Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: സൂകി തടങ്കലില്‍, അട്ടിമറിക്ക് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സൈന്യം

യാംഗോണ്‍: പട്ടാള അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്ത മ്യാന്മറില്‍ ദേശീയ നേതാവായ ആങ്‌സാന്‍ സൂകിയെ തടങ്കലിലാക്കി. പിന്നാലെ ഒരു വര്‍ഷത്തേക്ക് രാജ്യവ്യാപകമായി സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മ്യാന്മര്‍ സൈന്യത്തിന്റെ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മ്യാന്മര്‍ പ്രസിഡന്റ് യുവിന്‍ മിന്റിനെയും സൂകിയെയും എന്‍.എല്‍.ഡി പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളെയും തിങ്കളാഴ്ച പുലര്‍ച്ചെയാണ് സൈന്യം തടങ്കലിലാക്കിയത്. കഴിഞ്ഞ നവംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ മ്യാന്മറില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

രാജ്യത്തിന്റെ അധികാരം സായുധ സൈനിക മേധാവിയായ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങിന് കൈമാറിയതായി സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട വീഡിയോവില്‍ പറഞ്ഞു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ മ്യാന്മറില്‍ പട്ടാള ഭരണം അവസാനിച്ചിരുന്നു. തുടര്‍ന്ന് നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് നവംബറില്‍ നടന്നത്. പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കാനിരിക്കെയാണ് സൈനിക അട്ടിമറിയുണ്ടാകുന്നത്.

അതേസമയം, തടങ്കലിലാക്കപ്പെട്ട സൂകിയെയും പ്രസിഡന്റിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധവും ശക്തമാണ്. ഐക്യരാഷ്ട്ര സഭയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും നിരവധി ലോകരാജ്യങ്ങളും മ്യാന്മര്‍ സൈന്യത്തിന്റെ അട്ടിമറി നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടന്ന വംശഹത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സൂകിക്കെതിരെ വിവിധ കോണുകളില്‍ നിന്നും നേരത്തെ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

Related Articles