Current Date

Search
Close this search box.
Search
Close this search box.

സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കരുത്; മുസ്‌ലിം സംഘടനകള്‍ സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സച്ചാര്‍ സംരക്ഷണ സമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. ചൊവ്വാഴ്ച രാവിലെ 11 മണി മുതലാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കരുതെന്ന തലക്കട്ടില്‍ മുഴുവന് മുസ്ലിം സംഘടന നേതാക്കളും സെക്രട്ടേറിയേറ്റ് നടയില്‍ ധര്‍ണ നടത്തിയത്. ഉച്ചയ്ക്ക് ശേഷം നേതാക്കളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ചയും നടത്തുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തുക.

സച്ചാര്‍ സമിതി ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ പ്രബല മുസ്ലീം സംഘടനകള്‍ സംയുക്തമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കി രൂപം നല്‍കിയ സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മത,സാമുദായിക,സാമൂഹ്യ,വിദ്യാഭ്യാസ സംഘടനാ പ്രതിനിധികള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയാണ് സെക്രട്ടേറിയേറ്റ് ധര്‍ണ്ണയെന്ന് നേതാക്കള്‍ പറഞ്ഞു.

ധര്‍ണ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ഐ അബ്ദുല്‍ അസീസ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ.പി. അബ്ദുസ്സലാം, എഞ്ചിനീയര്‍ മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍, നിസാര്‍ ഒളവണ്ണ, സി.ടി. സക്കീര്‍ ഹുസൈന്‍, നാസര്‍ ഫൈസി കൂടത്തായി, മുജീബ് ഒട്ടുമ്മല്‍, ഡോ. പി.ടി. സെയ്തുമുഹമ്മദ്, ഇ.പി. അഷ്‌റഫ് ബാഖവി, സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍, സി.എം.എ. ഗഫാര്‍ മാസ്റ്റര്‍, പി. അബൂബക്കര്‍, കെ.പി. അബ്ദുസലാം ബദരി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി എന്നിവര്‍ പങ്കെടുത്തു.

Related Articles