Current Date

Search
Close this search box.
Search
Close this search box.

കേന്ദ്ര-കേരള സര്‍ക്കാരുകളോട് വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം സംഘടനകള്‍

കോഴിക്കോട്: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം സംഘടനകള്‍. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്നും മതനിരാസ ആശയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

സമൂഹ ചര്‍ച്ചക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്നും ജന്റര്‍ ന്യൂട്രല്‍ ആശയങ്ങളും മതനിരാസ ചിന്താഗതികളും പൂര്‍ണമായും പിന്‍വലിക്കണമെന്നും ജന്റര്‍ സാമൂഹ്യനിര്‍മ്മിതിയാണെന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പി.എം.എ സലാം, മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, മുസ്തഫ മുണ്ടുപാറ (സമസ്ത), എം.ഐ അബ്ദുല്‍ അസീസ്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി) കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), പി.എന്‍ അബ്ദുല്ലത്വീഫ് മദനി (വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍) ടി.കെ അഷ്‌റഫ്, സി.പി ഉമ്മര്‍ സുല്ലമി, അബ്ദുല്ലത്വീഫ് കരിമ്പിലാക്കല്‍ (മര്‍കസുദ്ദഅവ) ടി.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുല്‍ ഉലമ) ഡോ.പി.ഉണ്ണീന്‍, എഞ്ചിനീയര്‍ അഹ്‌മദ് കോയ (എം.എസ്.എസ്) എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ മുന്നോട്ടുവെച്ച മറ്റു ആവശ്യങ്ങള്‍:

സംവരണത്തിന്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103ാം ഭരണഘടന ഭേദഗതിയിലൂടെ ഇപ്പോള്‍ അനുവദിച്ച സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ തടയപ്പെടുന്നു. 103ാം ഭരണഘടന ഭേദഗതി പിന്‍വലിക്കുകയും ഭരണഘടന ബെഞ്ചിലെ അഞ്ചംഗ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പുനപരിശോധിക്കുകയും വേണം.

ബി.ജെ.പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളോട് പൗരത്വനിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ജനവികാരത്തിനെതിരാണ്. ഈ നീക്കം ഭരണകൂടം ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം വീണ്ടും സാക്ഷിയാകും.

ഏക സിവില്‍ കോഡ് ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് നടത്തുന്ന നീക്കം രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കെതിരാണ്. ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും ഇത് എതിരാണ്. ഈ നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.

ലിംഗസമത്വം എന്ന ആശയം പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്നും നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ ഇരട്ടത്താപ്പ് വെടിയണം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles