Current Date

Search
Close this search box.
Search
Close this search box.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം

കോഴിക്കോട്: ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട് സ്വപ്‌നനഗരിയില്‍ വെച്ച് നടന്ന ചതുര്‍ദിന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം.

സ്വപ്ന നഗരിയില്‍ പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ ഞായറാഴ്ച നടന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ എല്ലാവരും ചേര്‍ന്ന് നിന്ന് മുന്നേറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗവും കൂടി ഫാസിസത്തെ ചെറുക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിലൂടെയേ മതസംരക്ഷണം ഉണ്ടാകൂവെന്ന് സ്വയം തിരിച്ചറിയണം. സനാഉല്ല മക്തി തങ്ങള്‍ തുടങ്ങിവെച്ച നവോത്ഥാന പരിഷ്‌കാരങ്ങള്‍ മലയാളമണ്ണിന്റെ ചരിത്രത്തില്‍ ഔന്നിത്യമേറിയതാണ്. നവോത്ഥാന മൂല്യങ്ങള്‍ക്ക് കോട്ടം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. പരിഷ്‌കരണത്തിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ സ്വത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മതരാഷ്ട്രവാദികളെ അകറ്റി നിര്‍ത്തണം. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ കഴിയണമെന്നും സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ,പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍, ഡോ.അലി അജ്മാന്‍, ഡോ.ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.അന്‍വര്‍ അമീന്‍, അഷ്റഫ് ഷാഹി ഒമാന്‍, ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ.മായിന്‍കുട്ടി മേത്ത, ഹനീഫ് കായക്കൊടി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.എഐഅബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.

ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളനം ലക്ഷ്യമിട്ടതെന്ന് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ചൂണ്ടിക്കാട്ടി. വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. അന്ധവിശ്വാസങ്ങള്‍, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങിയ യുവതലമുറയെ ലക്ഷ്യംവച്ച് നീങ്ങുന്ന തിന്മകള്‍ക്കെതിരെയും സമ്മേളനത്തില്‍ ബോധവല്‍ക്കരണം നടത്തി.

ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ നാലു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കുചേരാന്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നിന്നായെത്തിയെന്ന് സംഘാടകര്‍ പറഞ്ഞു. മതം, സംസ്‌കാരം, കല ,സാഹിത്യം, നവോത്ഥാനം വിദ്യാഭ്യാസം ,ചരിത്രം പരിസ്ഥിതി ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍, പുതുതലമുറയുടെ പ്രതീക്ഷകള്‍, ആരോഗ്യം, പ്രവാസം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില്‍ 300 പ്രബന്ധങ്ങളും സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

സമാപന ദിവസമായ ഞായറാഴ്ച നടന്ന വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. ദീപിക സിംഗ് റജാവത്ത്, എം എ ഹരിദാസ് എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഫാത്തിമ മുസ്തഫ ചെന്നൈ, സുഹറ മമ്പാട്, ശമീമ ഇസ്ലാഹിയ്യ എന്നിവര്‍ സംസാരിച്ചു.

2 മണിക്ക് നടന്ന മനുഷ്യാവകാശ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം വി ശ്രേയാംസ് കുമാര്‍, അഡ്വ. കെഎന്‍എ ഖാദര്‍, ഒ.അബ്ദുറഹ്‌മാന്‍, പി ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ.ഹാരിസ് ബീരാന്‍ എന്നിവര്‍ സംസാരിച്ചു.

സമാന്തരമായി വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയും അരങ്ങേറി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles