Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനുമായി ചര്‍ച്ച നടത്തി മൊസാദ് തലവന്‍

മനാമ: ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് തലവന്‍ ബഹ്‌റൈന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചര്‍ച്ച നടത്തി. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള പരസ്പര സേവനങ്ങള്‍ക്കായാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

മൊസാദ് തലവന്‍ യോസി കോഹനാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി ചര്‍ച്ച നടത്തിയത്. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേഖലയിലെ സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സാധാരവത്കരണ കരാര്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് 13നാണ് ട്രംപ് ആദ്യമായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

 

Related Articles