Current Date

Search
Close this search box.
Search
Close this search box.

അവസാന പോരില്‍ വെങ്കലം സ്വന്തമാക്കാനൊരുങ്ങി ‘അറ്റ്‌ലസ് ലയണ്‍സ്’

ദോഹ: ഫിഫ ലോകകപ്പില്‍ ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പ്ലേ ഓഫില്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല അറ്റ്‌ലസ് ലയണ്‍സ് എന്ന അപരനാമത്തിലറിയപ്പെടുന്ന മൊറോക്കോ.

ആദ്യമായി ഫിഫ സെമിഫൈനലിലെത്തിയ ആഫ്രിക്കന്‍-അറബ് രാജ്യമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് മൊറോക്കോ ഇന്ന് കളിക്കാനിറങ്ങുന്നത്. അതിനാല്‍ തന്നെ വെങ്കലം നേടാനാണ് തന്റെ ടീം ശ്രമിക്കുന്നതെന്ന് മൊറോക്കോ ക്യാപ്റ്റന്‍ റൊമെയ്ന്‍ സൈസും പറഞ്ഞു.

സെമിയില്‍ കളിക്കാനായതില്‍ അഭിമാനമുണ്ട്, ടീം നിരാശയിലാണ്, പക്ഷേ അസാധാരണമായ എന്തെങ്കിലും ചെയ്തിട്ടുണ്ട്, ഒരു കളി ഇനിയും ബാക്കിയുണ്ടെന്നും സൈസ് പറഞ്ഞു. മൊറോക്കന്‍ ആരാധകരുടെ അസാധാരണമായ പിന്തുണക്ക് അദ്ദേഹം നന്ദിയറിയിച്ചു. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് 2-0 നായിരുന്നു മൊറോക്കോ പരാജയപ്പെട്ടത്.

ഒരു ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കളിക്കുക എന്നത് വിലമതിക്കാനാകാത്തതാണെന്ന് മൊറോക്കോ കോച്ച് വലീദ് റെഗ്രഗുയി പറഞ്ഞു.
നാലാം സ്ഥാനത്തേക്കാള്‍ മൂന്നാമതായി ഫിനിഷ് ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ ഞങ്ങള്‍ ഫൈനലില്‍ എത്തിയില്ല എന്നതാണ് എന്റെ ടേക്ക് എവേ …ഞായറാഴ്ച ഫൈനല്‍ കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെന്നും’ റെഗ്രഗുയി പറഞ്ഞു.

എന്നാല്‍ ഇത് ഞങ്ങളുടെ ഏഴാമത്തെ ലോകകപ്പ് മത്സരമാണെന്ന് ഞാന്‍ എന്റെ കളിക്കാരോട് പറഞ്ഞു. ഡിസംബര്‍ 17 ന് ഞങ്ങള്‍ ഏഴാം മത്സരം കളിക്കുമെന്ന് നിങ്ങള്‍ ഏതെങ്കിലും മൊറോക്കോ ആരാധകനോട് പറഞ്ഞാല്‍, അവര്‍ അഭിമാനിക്കും. 20ഓളം വര്‍ഷത്തിനിടെ മൊറോക്കോ ആറ് ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ഒരു മാസത്തില്‍ ആറ് മത്സരങ്ങള്‍ കളിച്ചു – ഇത് വിലമതിക്കാനാവാത്തതാണ്. ഞങ്ങള്‍ രണ്ടോ അതിലധികമോ ലോകകപ്പുകള്‍ കളിച്ചത് പോലെയാണിത്, അനുഭവത്തിന്റെ വീക്ഷണകോണില്‍ അത് മനോഹരമാണ്- വലീദ് പറഞ്ഞു.

ആഫ്രിക്കന്‍ വന്‍കരയും അറബ് രാഷ്ട്ര സമൂഹവും ഒന്നടങ്കം മൊറോക്കക്ക് പിന്നില്‍ അണിനിരന്നിരുന്നു. ജനകോടികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ് റൊമെയ്ന്‍ സായിസിന്റെ നായകത്വത്തിലുള്ള മറാക്കിഷ് പട ഇന്നുമിറങ്ങുന്നത്.

ഫലസ്തീന്‍ ജനതക്ക് നല്‍കിയ നിസ്തുല പിന്തുണയും കളിക്കളത്തിലെ അവരുടെ നിലപാടുമെല്ലാം നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പില്‍ ചര്‍ച്ചയായിരുന്നു. കളിക്കപ്പുറം പുതിയ രാഷ്ട്രീയ മാനം നേടുന്നതിലും മൊറോക്കോ വിജയിച്ചു കഴിഞ്ഞു. എല്ലാ മത്സര വിജയ ശേഷവും മൊറോക്കോയുടെ പതാകയുടെ കൂടെ ഫലസ്തീന്റെ പതാകയും വീശിയാണ് അവര്‍ വിജയാഹ്ലാദം നടത്തിയത്. കൂടാതെ താരങ്ങളുടെ ഉമ്മമാരുമൊത്തുള്ള അവരുടെ ആനന്ദ നിമിഷങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Related Articles