Current Date

Search
Close this search box.
Search
Close this search box.

വീരോചിതം; തലയുയര്‍ത്തി മടങ്ങുന്ന മൊറോക്കന്‍ ടീമിനെ ആദരിച്ച് ആരാധകര്‍- ചിത്രങ്ങള്‍

ദോഹ: കഴിഞ്ഞ ദിവസം നടന്ന ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പുറത്തുപോയെങ്കിലും ടീം മൊറോക്കോക്ക് ഇന്നലെ നടന്നത് ഫൈനലിനോളം പോന്ന മത്സരമായിരുന്നു. ആദ്യമായി സെമിഫൈനലിലെത്തുന്ന ആഫ്രിക്കന്‍-അറബ് രാജ്യമെന്ന ഖ്യാതി സ്വന്തമാക്കിയാണ് അവര്‍ ഖത്തറിന്റെ മണ്ണില്‍ നിന്നും മടങ്ങുന്നത്. കണ്ണീരും അഭിമാനവും ഇടകലര്‍ന്ന ഭാവമായിരുന്നു ഇന്നലെ സ്റ്റേഡിയം വിട്ട ഓരോ മൊറോക്കന്‍ ആരാധകരന്റെ മുഖത്ത് കാണാന്‍ സാധിച്ചത്.

ഫ്രാന്‍സിനോട് 90 മിനിറ്റും പൊരുതികളിച്ചിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രം ഫൈനലില്‍ പ്രവേശിക്കാനാകാതെ തലയുയര്‍ത്തിയാണ് മൊറോക്കോ കളം വിട്ടത്. ഗ്യാലറിയില്‍ നിന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ആര്‍പ്പുവിളികളും ആരവങ്ങളുമായിരുന്നു കളിയിലുടനീളം കാണാന്‍ സാധിച്ചത്. ചുവന്ന നിറമുള്ള പതാകയില്‍ പച്ച നിറത്തില്‍ നക്ഷത്രം ആലേഖനം ചെയ്ത പതാകയും തോരണങ്ങളും ഷാളുകളും ബാനറുകളും കൈയിലേന്തിയായിരുന്നു ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. ആര്‍പ്പുവിളികളും ബാന്റ് വാദ്യവും പ്രത്യേക താളത്തിലുള്ള കരഘോഷവും കളിയിലുടനീളം കാണാമായിരുന്നു.

അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ 75 ശതമാനവും മൊറോക്കന്‍ ആരാധകരായിരുന്നു. ചെഞ്ചായമണിഞ്ഞ ഗ്യാലറിയെയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്. നാല്‍പതിനായിരത്തില്‍ അധികം മൊറോക്കന്‍ ആരാധകര്‍ തന്നെ ഖത്തറില്‍ കളി കാണാന്‍ എത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 30 ചാര്‍ട്ടേഡ് വിമാനങ്ങളും 13,000 സൗജന്യ ടിക്കറ്റുകളും മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ ഒരുക്കിയിരുന്നു. ഇവരെ കൂടാതെ ആഫ്രിക്കന്‍-അറബ് ആരാധകരെല്ലാം മൊറോക്കോക്ക് പിന്തുണയുമായി അവരുടെ ടീം ജഴ്‌സി അണിഞ്ഞാണ് സ്റ്റേഡിയത്തിലെത്തിയത്.

മത്സര ശേഷം ഗ്യാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നിറഞ്ഞ കൈയടിയാണ് വിടവാങ്ങിയ മൊറോക്കന്‍ ടീമിന് നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. പി.എസ്.ജി ക്ലബില്‍ ഒരുമിച്ച് കളിക്കുന്ന അടുത്ത സുഹൃത്തുക്കളായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും മൊറോക്കോയുടെ അഷ്‌റഫ് ഹക്കീമിയും തങ്ങളുടെ ജഴ്‌സികള്‍ പരസ്പരം കൈമാറി അത് ധരിച്ചാണ് ഗ്രൗണ്ടില്‍ നിന്നും വിടവാങ്ങിയത്.

Related Articles