Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രകീര്‍ത്തനം; ‘മണി ഹെയ്സ്റ്റി’നെതിരെ ബഹിഷ്‌കരണാഹ്വാനം

മാഡ്രിഡ്: നെറ്റ്ഫ്‌ളിക്‌സിലെ പ്രമുഖ ക്രൈം സീരീസ് ആയ ‘മണി ഹെയ്സ്റ്റിനെതിരെ’ സോഷ്യല്‍ മീഡിയകളില്‍ ബഹിഷ്‌കരണാഹ്വാനം. സീരീസില്‍ അഭിനയിച്ച ചില താരങ്ങള്‍ അടുത്തിടെ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചതാണ് വിവാദമായത്. സ്പാനിഷ് സീരീസിന്റെ അഞ്ചാം സീസണ്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇസ്രായേല്‍ ചാനലായ ‘ചാനല്‍ 21’ന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായേലിലെ പൊലിസിന്റെ നടപടിയെ പിന്തുണച്ചും പ്രകീര്‍ത്തിച്ചും താരങ്ങള്‍ രംഗത്തെത്തിയത്. ഷോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ചാനലില്‍ അഭിമുഖം നടന്നത്.

ഇസ്രായേലിലേക്കുള്ള എന്റെ യാത്ര അത്ഭുതകരമായ ഒരു അനുഭവമായിരുന്നു, ഇവിടേക്ക് വീണ്ടും മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടെ ധാരാളം ആരാധകരുണ്ടെന്ന് എനിക്കറിയാം, ഇവിടെയുള്ള ആളുകള്‍ മികച്ചവരാണ്.

ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍, അവര്‍ എപ്പോഴും കര്‍ശനമായ സുരക്ഷയെക്കുറിച്ചും പോലീസ് നടപടികളെക്കുറിച്ചുമാണ് സംസാരിക്കാറുള്ളത്. പക്ഷേ, ഞാന്‍ ഇവിടെ എത്തിയപ്പോള്‍ പോലീസ് പോലും എന്നോടൊപ്പം ചിത്രങ്ങള്‍ എടുക്കുന്നു. അത് മികച്ച അനുഭവമായിരുന്നു-മണി ഹെയ്സ്റ്റില്‍ ഹെല്‍സിന്‍കി എന്ന കഥാപാത്രമായി അഭിനയിച്ച നടന്‍ ഡാര്‍കോ പെരിക് പറഞ്ഞു.

മറ്റൊരു നടനായ സ്പാനിഷ്-അര്‍മേനിയന്‍ താരം ഹൊവിക് ഇസ്രായേല്‍ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ആ രാജ്യത്തെക്കുറിച്ച് മഹത്തായ കാര്യങ്ങളാണ് താന്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം ഇസ്രായേലി രഹസ്യവിഭാഗത്തെക്കുറിച്ചുള്ള നാടകമായ ഫൗദയെ പ്രശംസിച്ചും സംസാരിച്ചു. അറബികളുടെ വേഷം ധരിച്ച് ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളില്‍ കയറി അതിക്രമം നടത്തുന്ന രഹസ്യസേനയെ പ്രകീര്‍ത്തിക്കുന്ന നാടകമാണ് ഫൗദ.

ഇത്തരം പ്രസ്താവനകള്‍ പുറത്തുവന്നതിനു പിന്നാലെ ഫലസ്തീന്‍ അനുകൂല സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നെറ്റ്ഫ്‌ളിക്‌സിനും മണി ഹെയ്സ്റ്റിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപയിനും നെഗറ്റീവ് റിവ്യൂവിങ്ങും ആരംഭിച്ചിട്ടുണ്ട്.

Related Articles