Current Date

Search
Close this search box.
Search
Close this search box.

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തിയ നരേന്ദ്ര മോദിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. 2013ല്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയിലാണ് മോദി ബി.ബി.സിയെക്കുറിച്ചും ആ ചാനലിന്റെ ആധികാരികതയെക്കുറിച്ചും വാചാലനായത്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും വിശ്വാസം ബി.ബി.സി പോലുള്ള മാധ്യമങ്ങളിലാണ്. സര്‍ക്കാരിന് കീഴിലുള്ള ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങിയവയില്‍ ആളുകള്‍ക്ക് വിശ്വാസം കുറവാണ്. ഞങ്ങള്‍ അത് ബി.ബി.സിയില്‍ കണ്ടു, ബി.ബി.സിയില്‍ വായിച്ചു എന്നാണ് അന്ന് ജനങ്ങള്‍ പറയാറുണ്ടായിരുന്നത്. അതാണ് വിശ്വാസ്യത എന്നും അദ്ദേഹം പറയുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

2013ല്‍ ന്യൂസ് 18 സംഘടിപ്പിച്ച ‘തിങ്ക് ഇന്ത്യ ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. കഴിഞ്ഞ ദിവസം ഇതേ ബി.ബി.സി പുറത്തുവിട്ട ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. ബി.ബി.സിയുടെ വിശ്വാസ്യതയെ അവര്‍ ചോദ്യം ചെയ്യുകയും ബ്രിട്ടീഷ് മാധ്യമം കൊളോണിയല്‍ മനോഭാവം നടപ്പാക്കുകയാണെന്നും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെല്ലാം നേരെ തിരിഞ്ഞുകുത്തുകയാണ് ഇപ്പോള്‍ ബി.ബി.സിയെ പ്രശംസിക്കുന്ന മോദിയുടെ വീഡിയോ.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്നത് അപകടകരമാണ്. ഇത്തരം വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ മറ്റുള്ള വഴികള്‍ തേടി പോകും. നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ സ്വന്തം കൈ കൊണ്ട് നിയമം നടപ്പിലാക്കുന്നു. ഇതു കാരണം എല്ലാ സംവിധാനങ്ങളും ക്ഷയിച്ചു- എന്നെല്ലാം മോദി ചടങ്ങില്‍ പറയുന്നുണ്ട്. ഈ വീഡിയോ ട്വിറ്ററില്‍ അടക്കം നിരവധി പേരാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.

Related Articles