Current Date

Search
Close this search box.
Search
Close this search box.

മണിപ്പൂര്‍ വീഡിയോ: പ്രധാന പ്രതിയുടെ വീടിന് തീയിട്ട് മെയ്തി വനിതകള്‍

ഡല്‍ഹി: രാജ്യത്തിനൊന്നാകെ നാണക്കേടും അമര്‍ഷവും ഉണ്ടാക്കിയ മണിപ്പൂരിലെ കുകി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിലെ പ്രധാന പ്രതിയുടെ വീടിന് തീയിട്ട് മെയ്തി വനിതകള്‍. മെയ് നാലിന് നടന്ന ക്രൂര സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നാലുപേരില്‍ ഒരാളായ ഹ്യൂറേമിന്റെ വീടിനാണ് ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ തീയിട്ടത്. മെയ്തി വിഭാഗത്തിലെ സ്ത്രീകള്‍ തന്നെയാണ് തീ വെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്യൂറേം ഹെറോദാസ് മെയ്തിയെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലെയ്കായി ഗ്രാമത്തിലെ സ്ത്രീകളാണ് പ്രതിയുടെ വീടിന് തീയിടാന്‍ തീരുമാനിച്ചത്.

ഒരുമിച്ചെത്തിയ ശേഷം, സ്ത്രീകള്‍ ഹ്യൂറേമിന്റെ വീട് അടിച്ചു തകര്‍ക്കുകയും ശേഷം തീയിടുകയുമായിരുന്നു. ”മെയ്തിയായാലും മറ്റ് സമുദായങ്ങളായാലും, ഒരു സ്ത്രീയെന്ന നിലയില്‍, ഒരു സ്ത്രീയുടെ അന്തസ്സിനെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെയൊരാള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് മുഴുവന്‍ മെയ്‌തേയ് സമൂഹത്തിനും നാണക്കേടാണ്” മെയ്തി വനിതാ ആക്ടിവിസ്റ്റു മീരാ പൈബി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മെയ് നാലിന് മെയ്തി വിഭാഗത്തിലെ ഒരു കൂട്ടം പുരുഷന്മാരാണ് രണ്ട് കുകി യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നഗ്നരാക്കി പരസ്യമായി നടത്തിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ ജൂലൈ 19നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇരകളില്‍ ഒരാള്‍ സൈനികന്റെ ഭാര്യയാണെന്നും സംഭവസമയത്ത് പൊലിസിന്റെ സാന്നിധ്യത്തിലാണ് ആക്രമികള്‍ ബലാത്സംഗം ചെയ്തതെന്നും ഇരകള്‍ പരാതിപ്പെട്ടു. പൊലിസ് തങ്ങളെ ആക്രമികള്‍ക്കു മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നെന്നും അവര്‍ പൊലിസ് വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയില്ലെന്നും ഇരകള്‍ പറഞ്ഞു.

പൊതുജനരോഷം ശക്തമായതോടെയാണ് കഴിഞ്ഞ ദിവസം രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തില്‍ കേസെടുക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. ഇരയാക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ് മെയ് 18ന് പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് പരാതി സ്വീകരിക്കാന്‍ തയാറായിരുന്നില്ല.

Related Articles