Current Date

Search
Close this search box.
Search
Close this search box.

മീഡിയാവണ്‍ വിധി: നേരിനും നന്മക്കും ലഭിച്ച അംഗീകാരം: പി മുജീബ് റഹ്‌മാന്‍

കോഴിക്കോട്: മീഡിയവണ്‍ ചാനല്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിജയമെന്ന് മീഡിയ വണ്‍ വൈസ് ചെയര്‍മാനും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറുമായ പി മുജീബ് റഹ്‌മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഈ വിജയം നേരിനും നന്മക്കും ലഭിച്ച അംഗീകാരമാണ്. നിയപോരാട്ടത്തിന്റെ വഴിയിലെ അനന്തമായ യാത്രയില്‍ പതറാതെ പൊരുതാന്‍ കരുത്ത്കാണിച്ച് കൂടെ നിന്ന മീഡിയാവണിലെ എന്റെ പ്രിയ കൂട്ടുകാര്‍ക്കാണ് ആദ്യത്തെ ബിഗ് സെല്യൂട്ട്… ചുറ്റുപാടിന്റെ ശക്തമായ സമ്മര്‍ദ്ദങ്ങളെയും ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് തളരാതെ നിന്ന നിങ്ങളാണീ സ്ഥാപനത്തിന്റെ കരുത്തും പ്രതീക്ഷയും അഭിമാനവുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു വര്‍ഷത്തെ അനിശ്ചിതത്വത്തിനും നിരന്തരമായ നിയമപോരാട്ടത്തിനുമൊടുവില്‍ ഇപ്പോഴിതാ നീതി പുലര്‍ന്നിരിക്കുന്നു… വിയോജിക്കാനും
വിമര്‍ശിക്കാനുമുള്ള പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി. രാജ്യത്തിനും ഇന്ത്യന്‍ ജനതക്കും
മാധ്യമ ലോകത്തിനും ലോകത്തിന് മുമ്പാകെ അഭിമാനിക്കാവുന്ന ചരിത്ര വിധിയാണിത്. പറഞ്ഞറിയിക്കാനാവാത്ത ഈ സന്തോഷ വേളയില്‍
മനസ്സില്‍ തെളിഞ്ഞ് വരുന്ന, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത,മുഖങ്ങളും,മുഹൂര്‍ത്തങ്ങളുമുണ്ട്, അവരോടെല്ലാം ഒരു കുറിപ്പില്‍ തീര്‍ക്കാനാവാത്ത നന്ദിയും കടപ്പാടുമാണുള്ളത്.

നിയപോരാട്ടത്തിന്റെ വഴിയിലെ അനന്തമായ യാത്രയില്‍ പതറാതെ പൊരുതാന്‍ കരുത്ത്കാണിച്ച് കൂടെ നിന്ന മീഡിയാവണിലെ
എന്റെ പ്രിയ കൂട്ടുകാര്‍ക്കാണ് ആദ്യത്തെ ബിഗ് സെല്യൂട്ട്… ചുറ്റുപാടിന്റെ ശക്തമായ സമ്മര്‍ദ്ദങ്ങളെയും ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് തളരാതെ നിന്ന നിങ്ങളാണീ സ്ഥാപനത്തിന്റെ കരുത്തും പ്രതീക്ഷയും അഭിമാനവും…’കൂടാതെ,
ഈ സ്ഥാപനത്തിന്റെ എക്കാലത്തെയും കരുത്തായ ഓഹരിയുടമകള്‍, കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍,സാധാരണക്കാരായ പ്രേക്ഷകര്‍ തുടങ്ങി ഈ പോരാട്ടത്തില്‍ കൂടെ നിന്ന മുഴുവന്‍ സഹോദരങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ.

പരമോന്നത നീതിപീഠത്തിന്റെ വിധിയുടെ നിറവില്‍ മീഡിയാവണ്‍ അതിന്റെ സാഹസികയാത്ര അഭിമാനത്തോടെ തുടരുകയാണ്. നേരും നന്മയും ഉറക്കെ പറഞ്ഞ്, നീതിയുടെ നിലക്കാത്ത ശബ്ദമായി, മര്‍ദ്ദിത ജനതയുടെ പ്രതീക്ഷയായി, മനുഷ്യവകാശങ്ങളുടെ കാവലാളായി മീഡിയവണ്‍ ഇനിയും ജ്വലിച്ച് നില്‍ക്കും. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയടയാതിരിക്കാന്‍ മീഡിയാവണ്‍ നടത്തിയ ഈ നിയമ പോരാട്ടവും ഒരു വഴിത്തിരിവായി മാറട്ടെ. സര്‍വ്വ ലോകരക്ഷിതാവിന് സര്‍വ്വ സ്തുതിയും.

 

Related Articles