Current Date

Search
Close this search box.
Search
Close this search box.

മീഡിയ വണ്‍, നോളജ് സിറ്റി: പിന്തുണയുമായി പ്രമുഖര്‍

കോഴിക്കോട്: മീഡിയ വണ്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയും മര്‍കസ് നോളജ് സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച സംഘ്പരിവാറിനെതിരെയും പ്രതിഷേധം ശക്തമാകുന്നു.

ചൊവ്വാഴ്ച മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചതോടെ ചാനലിന് വീണ്ടും വിലക്ക് വന്നിരിക്കുകയാണ്. കാരണം ബോധിപ്പിക്കാതെ ചാനല്‍ വിലക്കിയത് അംഗീകരിക്കാനാകില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും പ്രമുഖര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയിലെ സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മര്‍കസ് നോളജ് സിറ്റിക്കെതിരെ സംസ്ഥാന ഹിന്ദു ഐക്യ വേദി വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടത്. നോളജ് സിറ്റി നിലനില്‍ക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെയും കാവിന്റെയും സ്ഥലങ്ങള്‍ കൈയേറിയതാണെന്നും രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രം പണിയാനാണ് സംഘടന ശ്രമിക്കുന്നതെന്നുമാണ് ഹിന്ദു ഐക്യവേദി ആരോപിച്ചത്. ഇരു സ്ഥാപനങ്ങള്‍ക്കും പിന്തുണയുമായി സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത രംഗത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

എം.എ ബേബി 

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ഉപയോഗിച്ചിട്ടുള്ളത്. മീഡിയ വണ്ണിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ കാരണമെങ്കില്‍, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ജനാധിപത്യ രാജ്യത്ത് അവര്‍ക്ക് അവകാശമുണ്ട്. സി പി ഐ ( എം) , അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങള്‍ക്കെതിരേ ശക്തമായപ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതൂപോലെ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കന്നവര്‍ക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം. മീഡിയാവണ്‍ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തില്‍ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഏറെ നിരാശാജനകമാണ് , എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി .മീഡിയ വണ്‍ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും , നീതി പുലരും വരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകും .

വി കെ ഫൈസല്‍ ബാബു (ദേശീയ ജനറല്‍ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ്)

മീഡിയാവണ്‍; നിങ്ങള്‍ ‘ശരി’യുടെ വഴിയിലാണെന്നതിന്റെ ‘ശരി’വെക്കലാണ് ഹൈക്കോടതി ജഡ്ജി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കടല കൊറിച്ച് ഗ്യാലറിയിലിരുന്ന് കളി കാണുന്നവര്‍ കരുതിയിരിക്കുക. ‘ശരി’ക്കും വേട്ടക്കിരയാവുന്നത് മീഡിയാവണ്‍ അല്ല. ‘ദേശസുരക്ഷ’യുടെ വാള് കൊണ്ട് അറുത്ത് മാറ്റപ്പെടുന്നത് ജനങ്ങളുടെ ‘ശരി’കള്‍ തന്നെയാണ്. മീഡിയാവണ്‍ ഒരു പ്രതീകം മാത്രം എന്നതാണ് ശരിക്കുള്ള ശരി.

അന്തിമ നീതിക്കായ് പോരാട്ടം തുടരുക. ബാബരി വിധിയുടെ ‘ശരി’ പൊള്ളുന്ന പാഠമായി നമ്മെ പിന്തുടരുമ്പോള്‍ നീതിയുടെ ആത്യന്തിക ഇടം കോടതികളാണ് എന്നതിനെ ബോധമുള്ളവരാരും ‘ശരി’വെക്കില്ല. പൗരത്വം ഉള്‍പ്പെടെ ഭരണഘടനാ അവകാശങ്ങള്‍ മാത്രമല്ല, കേവല മനുഷ്യാവകാശങ്ങളും തെരുവില്‍ പൊരുതി നേടലായിരിക്കും ഇനി ശരി. പൊരുതല്‍ ജനിതക ഗുണമായവര്‍ പൊരുതിത്തന്നെ തേടും, നേടും.
നീതി ജയിക്കും. മീഡിയാവണ്ണിന് പിന്തുണ.

വെല്‍ഫെയര്‍ പാര്‍ട്ടി– മര്‍ക്കസ് നോളജ് സിറ്റിയെ ഭീകര കേന്ദ്രമാക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ചെറുക്കുക.

മീഡിയാവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.. രാജ്യത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ. ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് ഈ വിധി ശക്തി പകരും .
ദേശ സുരക്ഷക്ക് ഭീഷണി എന്ന വാദത്തിലാണ് ആഭ്യന്തര മന്ത്രാലയം മീഡിയാ വണ്ണിൻറെ ലൈസൻസ് പുതുക്കുന്നതിന് ക്ലിയറൻസ് നൽകാത്തത്. പക്ഷേ എന്ത് ദേശ സുരക്ഷാ പ്രശ്നമാണ് മീഡിവണ്ണിൽ നിന്നുണ്ടായതെന്ന് ബന്ധപ്പെട്ട കക്ഷികളെയോ രാജ്യത്തെ ജനങ്ങളെയോ ബോധ്യപ്പെടുത്താതെയുണ്ടായ ഈ സംപ്രേഷണ വിലക്ക് ജനാധിപത്യപരമല്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള നിഷേധമാണ്.

പി.ഡി.പി– മര്‍ക്കസ് നോളജ് സിറ്റിക്കെതിരേ ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്ന ആരോപണങ്ങളേയും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കത്തിനെതിരേയും കേരളത്തിലെ ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി. സംഘടനാപരമായി വിരുദ്ധ നിലപാടുകളുള്ള വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് ഒറ്റപ്പെടുത്താനും തകര്‍ക്കാനുമാണ് സംഘ്പരിവാര്‍ ശ്രമം നടത്തുന്നത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കി കാണരുത്. നോളജ് സിറ്റിക്കെതിരെയുള്ള നീക്കം കേവലം കാന്തപുരത്തെ മാത്രം ലക്ഷ്യംവച്ച് നടത്തുന്നതല്ല. സംഘ്പരിവാര്‍ മുസ്‌ലിം- കൃസ്ത്യന്‍ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗമന പ്രക്രിയകളെ അസഹിഷ്ണുതയോടെ കാണുന്നതിന്റേയും അതിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടേയും പുതിയൊരേട് മാത്രമാണ് നോളജ് സിറ്റിക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണം. വിരുദ്ധാഭിപ്രായങ്ങളെ ഭരണകൂടം ഇടപെട്ട് തകര്‍ക്കാനും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനും ശ്രമം നടന്നപ്പോള്‍ മീഡിയാവണ്‍ വിഷയത്തില്‍ കേരളീയ പൊതുസമൂഹവും ജനാധിപത്യ സമൂഹവും ഐക്യപ്പെട്ടത് പോലെ നോളജ് സിറ്റിക്കെതിരേ സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രചാരണ നീക്കങ്ങള്‍ക്കെതിരെ സംഘടനാ സങ്കുചിതത്വങ്ങളില്ലാതെ ഐക്യനിര രൂപപ്പെടണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി പ്രസ്താവനയില്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles