Current Date

Search
Close this search box.
Search
Close this search box.

മീഡിയ വണ്‍: ഹൈക്കോടതി വിധി നിരാശാജനകം; പ്രതികരണവുമായി പ്രമുഖര്‍

കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ വിലക്കിനെ ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രീയ സാമൂഹ്യ മാധ്യമ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലാണ് ബുധനാഴ്ച ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലൊന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ കൈമാറിയത്. ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

ഡോ. സെബാസ്റ്റ്യന്‍ പോള്‍

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് നിയമവിദഗ്ധനായ സെബാസ്റ്റ്യന്‍ പോള്‍. ‘ഏത് കാരണങ്ങളെ മുന്‍നിര്‍ത്തിയാണോ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത് ആ കാരണങ്ങള്‍ പുറത്തുവരാനേയിരിക്കുന്നൊള്ളൂ. ആ കാരണങ്ങള്‍ എന്തുതന്നെയായാലും എനിക്ക് യോജിക്കാന്‍ കഴിയില്ല. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സ്വഭാവിക നീതിയുടെ തത്വങ്ങളെ ലംഘിച്ചുകൊണ്ട് ജനാധിപത്യപരമായി അനുവദിക്കേണ്ട അവകാശമാണ് മാധ്യമസ്വാതന്ത്ര്യം. അതാണ് ഇവിടെ നിഷേധിക്കുന്നത്. അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. അവിടെ രഹസ്യത്തില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒന്നല്ല. മുദ്രവെച്ച കവര്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുക, ആ കവര്‍ നോക്കി നിരോധന ഉത്തരവ് ശരിവെക്കുകയാണ്. ഇങ്ങനെയല്ല നിയമവ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടത്. എന്നെപോലെയുള്ളവര്‍ക്ക് ബോധ്യപ്പെടാന്‍ കഴിയുന്ന കാരണങ്ങളാലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത് എന്ന് ബോധ്യപ്പെടുന്നത് വരെ ഈ ഉത്തരവിനോട് വിയോജിപ്പുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വം എം.പി

മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു. മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. മീഡിയവണ്‍ എന്ന മാധ്യമസ്ഥാപനം ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്‌കില്‍ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍. ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്റാണ്. ആ ചെയ്തിയെക്കുറിച്ചുള്ള ഹരജിയുമായി ചെല്ലുമ്പോള്‍ കോടതി കാണിക്കേണ്ടത് എന്താണ്? കോടതി അതിന്റെ അടിസ്ഥാന സമീപനങ്ങളില്‍ തീര്‍ച്ചയായും പുലര്‍ത്തേണ്ട ഒരു മൂല്യബോധമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷനെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 19ന്റെ ഭാഗമായി തന്നെയാണ് പത്രസ്വാതന്ത്ര്യമുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീര്‍

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യം മീഡിയവണിന്റെ കൂടെയുണ്ടാകും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സിംഗിള്‍ ബെഞ്ചിന്റെ വിധി അതുപോലെ ഡിവിഷന്‍ ബെഞ്ച് പകര്‍ത്തുന്നത് പതിവാണ്. ഇവിടെ നടന്നത് ഭരണഘടനയുടെ ലംഘനമാണ്. ആര്‍ട്ടിക്കിള്‍ 19 ഉറപ്പ് നല്‍കുന്ന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ഇവിടെ ലംഘിക്കുന്നത്. കോടതി എല്ലാതലങ്ങളിലും പോയി വിധി പ്രഖ്യാപിക്കുന്നതിന് പകരം കൈയിലുള്ളത് കൈമാറുകയാണ് ചെയ്തത്. ജനാധിപത്യത്തിന്റെ പ്രധാനഭാഗമാണ് കോടതി. ജുഡീഷറിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഉയരുന്നില്ല എന്നത് വസ്തുതയാണ്. ഈ വിധിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മീഡിയവണിന്റെ കൂടെയുണ്ട്. മീഡിയ വണ്‍ ഏതറ്റം വരെ പോകുകയാണെങ്കിലും പിന്തുണക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

പി മുജീബുറഹ്‌മാന്‍

നിയമപോരാട്ടം തുടരുക തന്നെയാണ്, നീതി പുലരുംവരെ…. ഭരണകൂടത്തിന്റെ അന്യായ വിലക്ക് ഒരു മാസം പിന്നിട്ടിരിക്കുന്നു.
ഇന്ന് ഡിവിഷന്‍ ബെഞ്ച് വിധിയും വന്നു. ഇനി നീതി തേടി സുപ്രീം കോടതിയിലേക്ക്…. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനായുള്ള
നിയമപോരാട്ടം ഒരു നിയോഗമായി ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇതൊരു ചാനലിന് വേണ്ടി മാത്രമുള്ള സമരമല്ല….ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരസ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒന്നിച്ചുള്ള പോരാട്ടമാണ്. ഈ വെളിച്ചം അണയാതെ, ഈ ശബ്ദം നിലക്കാതെ, ഞങ്ങള്‍ നിലനിര്‍ത്തും…. ഞങ്ങളുടെ ക്യാമറക്കണ്ണുകളെ ഭയപ്പെടുന്നവരോട്, ഞങ്ങളുടെ വായ മൂടിക്കെട്ടുന്നവരോട്, ഞങ്ങളുടെ നാവരിയാനാഗ്രഹിക്കുന്നന്നവരോട്…. അതത്രയെളുപ്പമല്ല,സാധ്യവുമല്ല. കാരണം ഇതൊരു നിലപാടാണ്, മലയാളി അതിനിപ്പോള്‍ നല്‍കിയിരിക്കുന്ന വിളിപ്പേരാണ് ‘മീഡിയാവണ്‍’.

Related Articles