Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ മഅ്ദനി കേരളത്തില്‍

തിരുവനന്തപുരം: സുപ്രീം കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി കേരളത്തിലെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയായ അന്‍വാര്‍ശ്ശേരിയിലേക്ക് പുറപ്പെട്ടു. യാത്രയില്‍ കൂടെ ഭാര്യ സൂഫിയയും മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും മറ്റു പി.ഡി.പി നേതാക്കളും അനുഗമിച്ചു.

തിങ്കളാഴ്ചയാണ് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിരമായി കേരളത്തില്‍ തങ്ങാന്‍ അനുവദിച്ചുകൊണ്ട് ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് നല്‍കി ഉത്തരവിട്ടത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി അദ്ദേഹം ബംഗളൂരുവിലായിരുന്നു. 13 വര്‍ഷത്തില്‍ നാല് വര്‍ഷം അദ്ദേഹം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും പിന്നീട് 2014 ജൂലൈ മുതല്‍ ജാമ്യം ലഭിച്ച് ബംഗളൂരുവിലെ വസതിയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ ആറ് തവണ മാത്രമാണ് അദ്ദേഹത്തിന് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നത്.

തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ച സുപ്രീം കോടതി നിലവിലെ ജാമ്യകാലയളവില്‍ കേരളത്തില്‍ തുടരാമെന്നും കൊല്ലം ജില്ല വിട്ടുപോകരുതെന്നും 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് പൂര്‍ണ ജാമ്യം അനുവദിച്ചത്. ഉന്നത ചികിത്സാവശ്യാര്‍ഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ ജില്ല വിടാനും അനുമതിയുണ്ട്.

2008ലെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയുടെ വിചാരണയും സാക്ഷിവിസ്താരവും പൂര്‍ത്തിയായതിനാലും അദ്ദേഹത്തിന്റെ മോശം ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് സുപ്രീം കോടതി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയത്. മഅ്ദനിക്ക് പൊലിസ് സുരക്ഷയോ പൊലിസിന്റെ അകമ്പടിയോ ഉണ്ടാകില്ല.

നേരത്തെ സുപ്രീംകോടതിയുടെ കടുത്ത നിബന്ധനകളോടെ ബംഗളൂരു വിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു മഅ്ദനിക്ക് ജാമ്യം ലഭിച്ചിരുന്നത്. പൂര്‍ണമായും ജാമ്യം ലഭിച്ചതിനാല്‍ സ്വതന്ത്രമായി നാട്ടില്‍ തങ്ങാമെന്നുമാണ് കോടതി ഉത്തരവിട്ടതെന്ന് അഭിഭാഷകര്‍ അറിയിച്ചു. കൊച്ചിയില്‍ ചികിത്സക്കായി യാത്ര ചെയ്യാന്‍ കൊല്ലം എസ്.പിയുടെ അനുമതി വാങ്ങണം.

നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അദ്ദേഹത്തെ നിരപരാധിയാണെന്ന് പറഞ്ഞത് കോടതി വെറുതെ വിടുകയായിരുന്നു.

Related Articles