Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടുക: മുഖ്യമന്ത്രിക്ക് കത്തയച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: അബ്ദുനാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കത്തയച്ചു. കര്‍ശനമായ ജാമ്യവ്യവസ്ഥ കാരണത്താല്‍ ഫലപ്രദമായ ചികിത്സ നടത്താന്‍ കഴിയാതെ അബ്ദുന്നാസര്‍ മഅ്ദനി അങ്ങേയറ്റം പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് റസാഖ് പലേരി കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അപകടകരമായ ആരോഗ്യാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളീയ സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്.
മികച്ച ചികിത്സ നേടുന്നതിന് വേണ്ടി കേരളത്തിലേക്ക് വരാന്‍ കഴിയും വിധം ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് മഅ്ദനിയുടെ കുടുംബം സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരണം. മഅ്ദനിയുടെ ഇപ്പോഴത്തെ സ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകണം. കോടതിയില്‍ അനുകൂല സമീപനം സ്വീകരിക്കുന്നതിന് കര്‍ണാടക മുഖ്യമന്ത്രിയെ ഇപ്പോഴത്തെ സ്ഥിതി ബോധ്യപ്പെടുത്താന്‍ കേരള മുഖ്യമന്ത്രിയുടെ പ്രത്യേകമായ ഇടപെടല്‍ ഉണ്ടാകണം.

സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വേട്ടയാടലിന്റെ ഏറ്റവും വലിയ ഇരയാണ് മഅ്ദനി, കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ 13 വര്‍ഷമായി കര്‍ണാടകയില്‍ സമാനാവസ്ഥയില്‍ കഴിയുകയാണ്.
കുടുംബവുമായി ഇന്നലെ ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥ വളരെ പ്രയാസകരമാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഈ അവസ്ഥയില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി പരിശ്രമിക്കേണ്ടത് സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കുന്ന കേരളീയ സമൂഹത്തിന്റെ ബാധ്യയാണെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം ചൂണ്ടികാട്ടി.

Related Articles