Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: അധികാരം സൈന്യത്തിന് നല്‍കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ബെയ്‌റൂത്ത്: ലെബനാനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് അധികാരം സൈന്യത്തിന് കൈമാറാന്‍ ലെബനാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കാനും പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് എട്ട് ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വോട്ടെടുപ്പ് നടത്തിയത്. അടിയന്തരാവസ്ഥ നടപ്പാക്കിയാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനോ ആളുകള്‍ക്ക് കൂട്ടം ചേരാനോ മാധ്യമസ്വാതന്ത്ര്യമോ ഒന്നും അനുവാദമുണ്ടാകില്ല. രാജ്യത്തിന് സുരക്ഷ ഭീഷണിയെന്ന് കരുതുന്ന ആരെയും വീടുകളില്‍ കയറി അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരമുണ്ടാകും. ഇതുസംബന്ധിച്ച നിയമനടപടികളെല്ലാം കൈകാര്യം ചെയ്യുന്നത് രാജ്യത്തെ സൈനിക കോടതികളായിരിക്കും.

അതേസമയം, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇത് സ്‌ഫോടനത്തെത്തുടര്‍ന്ന് രോഷാകുലരായ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് സൈന്യത്തിന് സഹായകരമാവുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ഓഗസറ്റ് നാലിന് തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന കൂറ്റന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് ജനങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ 200 പേര്‍ മരിക്കുകയും ആറായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

Related Articles