Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മകനെ വിഷം നല്‍കി കൊന്നതെന്ന് അഭിഭാഷകര്‍

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയ മകന്‍ അബ്ദുല്ല മുര്‍സിയുടെ മരണം കൊലപാതകമെന്ന് മുര്‍സിയുടെ കുടുംബ അഭിഭാഷകര്‍ ആരോപിച്ചു. 2019 സെപ്റ്റംബര്‍ നാലിനാണ് മുര്‍സിയുടെ മകന്‍ ഹൃദയാഘാടം മൂലം ഈജിപ്തിലെ കൈറോവിലെ ആശുപത്രിയില്‍ മരിച്ചതായ വാര്‍ത്ത പുറത്തു വന്നത്. 25കാരനായ അബ്ദുല്ലയുടെ മരണകാരണം ഹൃദയാഘാതമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നും മാരകമായ വിഷ വസ്തു ഉള്ളില്‍ ചെന്ന് വീടിന് പുറത്തുവെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമാണ് മുര്‍സിയുടെ നിയമ വൃത്തങ്ങളായ ഗൂര്‍ണിക്ക 37 കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

അബ്ദുല്ലക്ക് ഹൃദയാഘാതം സംഭവിച്ച ശേഷം 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അടുത്തുള്ള ആശുപത്രിയില്‍ ഒന്നും പ്രവേശിപ്പിച്ചില്ല. മാരകമായ വിഷപദാര്‍ത്ഥം കുത്തിവെച്ചതു മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്നും അവസാന ശ്വാസവും നിലച്ച ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള അഭിഭാഷക സംഘം പറഞ്ഞു.

ഇപ്പോള്‍ വെളിച്ചത്തു വന്ന ഈ സത്യാവസ്ഥയെക്കുറിച്ച് ഈജിപ്ത് ഭരണകൂടത്തിലെ ചിലര്‍ക്ക് അറിയാമായിരുന്നെന്ന് വ്യക്തമാണെന്നും ഗൂര്‍ണിക്ക 37 പറഞ്ഞു.

അബ്ദുല്ല കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തുമ്പോഴേക്കും മരിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മരണത്തിന് പിന്നില്‍ മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നും വിവിധ അസുഖങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹം പിതാവിന്റെ മരണം മൂലം കടുത്ത വിഷമത്തിലായിരുന്നുവെന്നും വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി 2019 ജൂണ്‍ 17നാണ് വിചാരണക്കിടെ കോടതിയില്‍ വെച്ച് മരണപ്പെടുന്നത്.

 

Related Articles