Current Date

Search
Close this search box.
Search
Close this search box.

പ്രതിപക്ഷ എം.പിമാരടക്കമുള്ള പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: പ്രതിപക്ഷ എം.പിമാരടക്കം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്. പുതിയ ധനമന്ത്രിയെയും മൂന്ന് പ്രതിപക്ഷ സാമാജികരെയും ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പരിഷ്‌കരിച്ചത്. നേരത്തെ സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്ന് പ്രതിപക്ഷ കക്ഷികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കുവൈത്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയില്‍ എണ്ണ വകുപ്പ് മന്ത്രിയായി മുഹമ്മദ് അല്‍ ഫാരിസിനെ വീണ്ടും നിയമിച്ചു. ധനമന്ത്രിയായിരുന്ന അബ്ദുള്‍ വഹാബ് അല്‍ റഷീദിന് പകരം ധനമന്ത്രിയായി കുവൈത്ത് ഇക്കണോമിക് സൊസൈറ്റിയുടെ തലവനായിരുന്ന ഖലീഫ ഹമാദയെയാണ് നിയമിച്ചത്. കൊവിഡ്-19 സമയത്ത് കുവൈത്തിനെ നയിച്ച ഖാലിദ് അല്‍ സയീദാണ് പുതിയ ആരോഗ്യമന്ത്രി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുള്ള കുവൈത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ രാജവാഴ്ചകളിലെ സമാന സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം നിയമസഭയ്ക്ക് നല്‍കിയിട്ടുണ്ട്. 15 പുതിയ മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് കഴിഞ്ഞ ഒരു മാസമായി തുടരുന്ന രാജ്യത്തെ ഭരണ പ്രതിസന്ധിക്കാണ് ഭരണകൂടം ഇതോടെ പരിഹാരം കണ്ടത്. രാജ്യം നേരിടുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ പരിഹരിക്കുക എന്നതാണ് പുതിയ സര്‍ക്കാരിന് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ കീഴിലുള്ള മന്ത്രിസഭ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തിന്റെ നാലാമത്തെ സര്‍ക്കാരിനെയാണ് പ്രതിനിധീകരിക്കുന്നത്.

Related Articles