Current Date

Search
Close this search box.
Search
Close this search box.

വലതുപക്ഷ മാധ്യമങ്ങള്‍ കേന്ദ്ര മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തതിനെ പരിഹസിച്ച് കെ.ടി ജലീല്‍

കോഴിക്കോട്: ബി.ജെ.പി അനുകൂല മാധ്യമങ്ങളെ മാത്രം പങ്കെടുപ്പിച്ച് യോഗം വിളിച്ചതിനെ പരിഹസിച്ചും വിമര്‍ശിച്ചും കെ.ടി ജലീല്‍ എം.എല്‍.എ. കഴിഞ്ഞയാഴ്ച കോഴിക്കോട് വെച്ച് കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് വലതുപക്ഷ അനുകൂലികളായ മാധ്യമങ്ങളെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ചത്.

സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ള മാധ്യമങ്ങളെയും മുസ്ലിം-ഇടതുപക്ഷ മാനേജ്‌മെന്റിന് കീഴിലുള്ള പത്ര-ചാനല്‍ പ്രതിനിധികളെയും യോഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ഏഷ്യാനെറ്റ്, മനോരമ, 24 ന്യൂസ്,മാതൃഭൂമി, ന്യൂസ് 18, കേരള കൗമുദി, ദീപിക തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ യോഗത്തില്‍ തങ്ങളുടെ സഹചാനലുകളെ ഒഴിവാക്കിയതിനെതിരെ ഒരക്ഷരം മിണ്ടാനോ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന ചോദ്യം ഉയര്‍ത്താനോ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ തയാറാകത്തതിനെയാണ് ജലീല്‍ രൂക്ഷമായി വിമര്‍ശിച്ചത്. കുനിയാന്‍ പറഞ്ഞപ്പോള്‍ കാലു നക്കി എന്നാണ് ജലീല്‍ ഇവരെ വിമര്‍ശിച്ചത്.

വര്‍ഗ്ഗ സ്വഭാവം ഇല്ലാത്ത അതി സങ്കുചിതന്‍മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു
ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായെന്നും ജലീല്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം. നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും വലതുപക്ഷ അനുകൂല മലയാളം മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവര്‍!

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാഷിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നു കയറി എന്നതിന്റെ മികച്ച ഉദാഹരണമാണ്.

വര്‍ഗ്ഗ സ്വഭാവം ഇല്ലാത്ത അതി സങ്കുചിതന്‍മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു. ‘ഠാക്കൂര്‍ജി, മാധ്യമങ്ങളെ വിളിക്കുമ്പോള്‍ താങ്കള്‍ കാണിച്ച വിവേചനത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,’ എന്ന് ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളില്‍ മാത്രമല്ല ജേര്‍ണലിസ മേഖലയിലും ഇന്ത്യക്ക് വാഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു.

മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായി. അടിയന്തിരാവസ്ഥക്കാലത്ത് മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തിഴത്ത മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മോദീ കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്.

ബോംബെയിലെ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെത്തല്‍വാദും ആര്‍.ബി ശ്രീകുമാറും കല്‍തുറുങ്കില്‍ അടക്കപ്പെട്ടപ്പോഴും വലതു മാധ്യമങ്ങള്‍ പുലര്‍ത്തിയ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം’ അത്യന്തം ഭീതിതമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. പണത്തിനും പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും മീതെ മാധ്യമങ്ങളും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇവര്‍ നല്‍കുന്ന വാര്‍ത്തകള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടേക്കുക. സത്യമറിയാന്‍ മറ്റു വഴികള്‍ തേടുക. അതുമാത്രമാണ് പുതിയ കാലത്ത് കരണീയം.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles