Current Date

Search
Close this search box.
Search
Close this search box.

ആണവ കരാര്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത് -ഖാംനഈ

തെഹ്‌റാന്‍: 2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട ഇതര കക്ഷികളുടെ ഗുണാത്മക നടപടികളോട് പ്രതികരിക്കുമെന്നും സ്വീകരിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാന്‍ ഒരുപാട് നല്ല ചര്‍ച്ചകളും വാഗ്ദാനങ്ങളും കേട്ടിട്ടുണ്ട്. എന്നാല്‍ അത് ലംഘിക്കപ്പെടുകയെന്നല്ല, വിപരീതഫലമാണ് സംഭവിക്കുന്നത് -ഖാംനഈ ബുധനാഴ്ച പറഞ്ഞു.

ഈയൊരു സമയം പ്രവര്‍ത്തനം മാത്രമാണ്. ഇതര കക്ഷികള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങളും പ്രവര്‍ത്തിക്കും. ഇസ്‌ലാമിക് റിപ്പബ്ലിക്ക് പ്രവര്‍ത്തന വാഗ്ദാനങ്ങളില്‍ തൃപ്തിയടയുന്നില്ല -1978ലെ പ്രതിഷേധ വാര്‍ഷികത്തില്‍ തബ്‌രീസ് ജനതയോട് അദ്ദേഹം പറഞ്ഞു. 1978ലെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇറാന്‍ വിപ്ലവം സാധ്യമാകുന്നത്.

ഇറാനും ലോകശക്തികളും തമ്മിലെ 2015ലെ ആണവ കരാറില്‍ നിന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏകപക്ഷീയമായി 2018ല്‍ പിന്മാറുകയും, ഇറാന് മേല്‍ കടുത്ത ഉപരോധ നടപടികള്‍ കൈകൊള്ളുകയുമായിരുന്നു. നിലവിലെ ബൈഡന്‍ ഭരണകൂടം ചരിത്രപരമായ ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും ഇറാന്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles