Current Date

Search
Close this search box.
Search
Close this search box.

സമരങ്ങള്‍ തടയുന്നതിലൂടെ കോടതി സര്‍വാധിപത്യത്തിന് കളമൊരുക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സമരങ്ങള്‍ പാടില്ലെന്ന കോടതിവിധി സര്‍ക്കാറുകളുടെ സര്‍വാധിപത്യത്തിന് വഴിയൊരുക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കോവിഡുമായി ബന്ധപ്പെട്ട വ്യത്യസ്ത നിയന്ത്രണങ്ങളും മറ്റും പൗരവാകാശങ്ങളെ ഹനിക്കുന്ന ക്രൂരതകള്‍ക്ക് കാരണമാകുന്നെന്ന് ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ തന്നെ പ്രസക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എതിരാളികളെ വേട്ടയാടുകയും വിമര്‍ശനങ്ങളെ തുടച്ചുനീക്കുകയുമാണ് ചെയ്തത്.

ഡല്‍ഹിയിലും യു.പിയിലും പൗരത്വനിയമത്തിനെതിരായ സമരക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതും പീഡിപ്പിക്കുന്നതും അതിന്റെ വ്യക്തമായ തെളിവായിരുന്നു. മാത്രമല്ല, സര്‍ക്കാറുകളുമായി ബന്ധമുള്ള കുറ്റവാളികളെ രക്ഷിച്ചെടുക്കാനും സര്‍ക്കാറുകളുടെ വീഴ്ചകളെ പ്രതിഷേധമുയരാതെ രക്ഷിക്കാനും അധികാരികള്‍ കോവിഡ് നിയന്ത്രണത്തെ ഉപയോഗിച്ചു. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയിലും സ്പ്രിംങ്ക്ളര്‍ വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസിലും പാലത്തായി കേസിലുമെല്ലാം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനും സര്‍ക്കാറിന്റെ പിഴവുകള്‍ മറച്ചുവെക്കാനുമാണ് കോവിഡ് നിയന്ത്രണം ഉപയോഗിച്ചത്. ഇവയെല്ലാം തുടരാനുള്ള സഹായമാണ് കോടതി വിധി നല്‍കുന്നത്.

രാജ്യത്ത് വ്യത്യസ്ത തരത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാര പ്രയോഗങ്ങളെ ശക്തിപ്പെടുത്തുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ജനങ്ങളുടെ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോവിഡിന്റെ മറവില്‍ നടപ്പാക്കുന്നത് രാജ്യത്തെ വലിയ ദുരന്തത്തിലാണ് എത്തിക്കുകയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സമരങ്ങളും പ്രതിഷേധങ്ങളും അനുവദിക്കണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

Related Articles