Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ ഹകീം ഫൈസി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ല: സമസ്ത

കോഴിക്കോട്: സമസ്തയില്‍ നിന്ന് പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) സഹകരിക്കില്ലെന്ന് സമസ്ത. എന്നാല്‍, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്താനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. വാഫി, വഫിയ്യ സ്ഥാപനങ്ങളെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാനും പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നവംബര്‍ ഒമ്പതിന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചിരുന്നു. അഹ്‌ലുസ്സുന്നത്തു വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന്റെ തടര്‍ച്ചയായാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായ സി.ഐ.സിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

പുതിയ പാഠ്യപദ്ധതിക്കു രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. ദേശീയ തലത്തില്‍ വിദ്യാഭ്യാസ സംവിധാനം വ്യാപിപ്പിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും.

മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം അനാശാസ്യ പ്രവണതകള്‍ എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് സമസ്തയുമായി ബന്ധപ്പെട്ട ഭൗതിക വിദ്യാഭ്യാസ സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്എന്നിവര്‍ പങ്കെടുത്തു.

 

Related Articles