Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം

മലപ്പുറം: രണ്ട് ദിവസമായി പെരിന്തല്‍മണ്ണ ശാന്തപുരം അല്‍ജാമിഅ ക്യാമ്പസില്‍ വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി കേരള അംഗങ്ങളുടെ (റുക്ന്‍) സംസ്ഥാന സമ്മേളനത്തിന് സമാപനം. ശനിയാഴ്ച രാവിലെ ആരംഭിച്ച സംഗമം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷന്‍ സയ്യിദ് സആദതുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഫാഷിസ്റ്റ് വാഴ്ചയെ ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും നേരിടണമെന്നും രാജ്യത്ത് ഹിന്ദുത്വ ഫാഷിസത്തിന്റെ അരങ്ങേറ്റം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഹുസൈനി പറഞ്ഞു. ഇന്ത്യക്ക് ഹിന്ദുത്വ ഫാഷിസം കനത്ത നാശം വിതക്കും.

അതിന്റെ ആന്തരിക ശൂന്യത സമൂഹം തിരിച്ചറിയും. മുസ്ലിം സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ശുഭകരമായ ഭാവി കെട്ടിപ്പടുക്കാനുമുള്ള അവസരമായി ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ജനറല്‍ സെക്രട്ടറി ടി ആരിഫലി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, ഡോ. അബ്ദുസ്സലാം അഹ്‌മദ്, എ. റഹ്‌മത്തുന്നിസ, ഹമീദ് വാണിയമ്പലം, കൂട്ടില്‍ മുഹമ്മദലി, യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, പി.വി. റഹ്‌മാബി, അബ്ദുല്‍ ഹഖീം നദ്വി, ഡോ. ആര്‍. യൂസുഫ്, കെ.എ. ശഫീഖ്, ടി.കെ. ഫാറൂഖ്, ടി. മുഹമ്മദ് വേളം, സി. ദാവൂദ്, പി.ഐ. നൗഷാദ്, പി. റുഖ്‌സാന, പി.പി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അധികാരം നിലനിര്‍ത്താന്‍ സംഘ്പരിവാര്‍ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഫാഷിസത്തെ പ്രതിരോധിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി 75 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ വിപുലമായ ആശയ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള ക്യാംപയിനിന്റെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. സമാപന സംഗമത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി ആരിഫലി, കേരള അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹകീം നദ്‌വി എന്നിവര്‍ സംസാരിച്ചു.

 

Related Articles