Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് ഇമ്രാന്‍ ഖാന്‍, വിമര്‍ശിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസങ്ങളിലായി നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായെങ്കിലും വിഷയത്തില്‍ കാര്യമായ പരിഹാരവും നടപടികളുമായില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ വിഷയത്തെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അഴിച്ചു വിട്ടത്. കശ്മീരിനോട് ഇന്ത്യ ക്രൂരത കാണിക്കുകയാണെന്നും താഴ്‌വരയില്‍ നടക്കുന്ന രക്തച്ചൊരിച്ചിലിനെ സംബന്ധിച്ച് മോദി മൗനം അവലംബിക്കുകയാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

74ാമത് യു.എന്‍ പൊതുസഭ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഉച്ചകോടിയില്‍ നരേന്ദ്ര മോദി കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഇംറാന്‍ ഖാന്‍ അസാധാരണമായ രീതിയിലുള്ള ആക്രമണമാണ് ഇന്ത്യക്കെതിരെ തൊടുത്തുവിട്ടത്. രണ്ടു മാസത്തോളമായി അഭൂതപൂര്‍വമായ സുരക്ഷ നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ രക്തച്ചൊരിച്ചിലിന് ഇടയാക്കുന്നുവെന്നുമാണ് ഇംറാന്‍ ഖാന്‍ വിമര്‍ശിച്ചത്.

രണ്ട് ആണവായുധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമഗ്രമായ സംഘര്‍ഷം അവരുടെ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രതിഫലിക്കും. 9 ലക്ഷം പട്ടാളക്കാരാണ് അവിടെയുള്ളത്. കശ്മീരിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് അത് എന്നാണ് നരേന്ദ്ര മോദി പറയുന്നത്. അവര്‍ എന്താണ് അവിടെ ചെയ്യാന്‍ പോകുന്നത്. മോദിയുടെ ഇത്തരം നടപടികള്‍ വിഢിത്തവും ക്രൂരവുമാണ്. ഇംറാന്‍ കുറ്റപ്പെടുത്തി. കര്‍ഫ്യൂ നീക്കിയതിന് ശേഷം എന്താണ് ചെയ്യാന്‍ പോകുന്നത്. നിലവിലെ അവസ്ഥ കശ്മീരിലെ ജനങ്ങള്‍ ശാന്തമായി സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ഇംറാന്‍ യു.എന്‍ പൊതുസഭയില്‍ സംസാരിക്കവേ ചോദിച്ചു.

അതേസമയം, ഇംറാന്റെ വാദത്തെ എതിര്‍ത്ത് ഇന്ത്യയും രംഗത്തെത്തി. കശ്മീരിനെ അന്താരാഷ്ട്ര വിഷയമാക്കി മാറ്റാനാണ് ഇംറാന്‍ ഖാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെ ഭീകരതയുടെ വ്യവസായമാണ് പാകിസ്താന്‍ നിര്‍മിക്കുന്നതെന്ന് വിദേശകാര്യ വകുപ്പ് സെക്രട്ടറി വിദിഷ മെയ്ത്ര പ്രതികരിച്ചു. പാകിസ്താനില്‍ ഒരു തീവ്രവാദ സംഘടനകളും ഇല്ലെന്ന ഖാന്റെ പ്രസ്താവന ലോകം പരിശോധിക്കും.

യു.എന്‍ പട്ടികയിലുള്ള 130 തീവ്രവാദികളുടെയും 25 തീവ്രവാദ സ്ഥാപനങ്ങളുടെയും സാന്നിധ്യം പാകിസ്താനില്‍ ഉണ്ട് എന്നത് നിഷേധിക്കാന്‍ ഇംറാന്‍ ഖാന് കഴിയുമോയെന്നും അവര്‍ ചോദിച്ചു. യു.എന്‍ ഭീകര സംഘടന പട്ടികയില്‍ പെടുത്തിയ സംഘടനകളിലെ വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സര്‍ക്കാരാണ് പാകിസ്ഥാന്‍. ഉസാമ ബില്‍ന്‍ലാദനെ തുറന്ന് എതിര്‍ക്കുന്ന ആളാണ് താനെന്ന് ന്യൂയോര്‍ക്ക് നഗരത്തോട് പറയാന്‍ ഇംറാന്‍ ഖാന് കഴിയുമോ എന്നും മെയ്ത്ര കുറ്റപ്പെടുത്തി.

Related Articles